
വാഷിംഗ്ടണ്‍: തന്നെ വൈറ്റ് ഹൗസില്‍ എത്തിക്കാതിരിക്കാന്‍ ട്രംപിന്റെ റഷ്യന്‍ ഗൂഡസംഘം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി കള്ളക്കഥ മെനഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ട ഹിലരി. തെരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ 1000 ലധികം റഷ്യന്‍ ഏജന്റുമാരാണ് പ്രവര്‍ത്തിച്ചതെന്നും ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലുടെ തനിക്കെതിരേ അനേകം കള്ളക്കഥകളും വ്യാജ സംഭവങ്ങളും ചമയ്ക്കുകയായിരുന്നെന്നും സിലിക്കണ്‍ വാലിയില്‍ ഹിലരി പറഞ്ഞു.
ട്രംപിന് വേണ്ടി അനുയായികളായി പ്രവര്‍ത്തിച്ചത് നാട്ടിലെയും റഷ്യയിലെയും ആള്ക്കാര് ഉള്‍പ്പെട്ടെ ഗൂഡസംഘമാണ്. തന്റെ നീക്കങ്ങള്‍ കൃത്യമായി പിന്തുടര്ന്നിരുന്നതിനാല് അതനുസരിച്ച് ഏറ്റവും ഫലപ്രദമായ രീതിയിലാണ് വ്യാജവാര്‍ത്ത ചമച്ചിരുന്നത്. ഭൂരിപക്ഷം വാര്‍ത്തകളും സൃഷ്ടിച്ചെടുത്തവയാണ്. ട്രംപുമായി ബന്ധപ്പെട്ട ഹോളിവുഡ് ടേപ്പ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം തന്നെ ജോണ്‍ പൊഡേസ്തയുമായി ബന്ധപ്പെട്ട വിക്കിലീക്സ് പുറത്തു വിട്ടതിനെ ഇതിനുദാഹരണമായ ഹിലരി ചൂണ്ടിക്കാട്ടുന്നു.
പരാജയപ്പെട്ട ശേഷം പഴയത് പോലെ പ്രഭാഷണവേദികളില്‍ സജീവമായിരിക്കുന്ന ഹിലരി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് തന്റെ കുറ്റം കൊണ്ടല്ലെന്നും റഷ്യയിലെയും രാജ്യത്തെയും ശക്തികള്‍ തന്നെ തോല്‍പ്പിക്കുകയായിരുന്നെന്നും പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീവിദ്വേഷത്തിന്റെ ഇരയായി താന്‍ മാറിയതിന് പുറമേ സ്വന്തം പാര്‍ട്ടിയിലെ വിശ്വസ്തരല്ലാത്ത വോട്ടര്‍മാരും ചതിച്ചെന്ന് ഇവര്‍ പറഞ്ഞു. കാര്യമായ വിവരം ഇല്ലാത്ത വോട്ടര്‍മാര്‍ ഫേസ്ബുക്കിലെ ഈ വ്യാജവാര്‍ത്തയ്ക്ക് പിന്നാലെ സഞ്ചരിച്ചു.
ഇതിനൊപ്പം ട്വിറ്ററിലുംമറ്റും പിന്തുടരുന്നവരുടെ എണ്ണം കൂട്ടിക്കാണിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഈ വാര്‍ത്ത വെള്ളം തൊടാതെ വിഴുങ്ങിയവരില്‍ ചിലര്‍ വീട്ടില്‍ തന്നെയിരുന്നപ്പോള്‍ മറ്റ് ചിലര്‍ ട്രംപിന് വോട്ടാക്കി മാറ്റി. എല്ലാം മുന്‍ കൂട്ടി തയ്യാറാക്കിയ രീതിയിലാണ് റഷ്യന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിച്ചത്. അല്ലെങ്കില്‍ പിന്നെ ഒബാമയ്ക്ക് രണ്ടു തവണയും വോട്ട് ചെയ്ത കൗണ്ടികള്‍ എങ്ങിനെ ട്രംപിന് വോട്ട് ചെയ്തെന്നും ഹിലരി ചോദിക്കുന്നുണ്ട്. ട്വിറ്ററില്‍ ട്രംപിന്റെ പകുതിയിലധികവും വ്യാജ ഫോളാവേഴ്സാണെന്നും ആരോപിച്ചു.
മുന്‍കാല പ്രസിഡന്റുമാരെപോലെ അല്ലാത്തവരെ സ്വീകരിക്കാന്‍ ജനം കൂട്ടാക്കാറില്ല. വംശീയത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും ഒബാമയ്ക്ക് അത് മറികടക്കാന്‍ കഴിഞ്ഞത് അദ്ദേഹം ആകര്‍ഷണീയനായ വ്യക്തി ആയതിനാലാണെന്നും പറഞ്ഞു.





