
ശ്രീനഗര്‍: വെടിക്കോപ്പുകള്‍ക്കും ചാവേര്‍ ബോംബ് സ്ഫോടനങ്ങള്‍ക്കും പകരം സാമൂഹികമാധ്യമങ്ങളിലൂടെ വര്‍ഗീയലഹള സൃഷ്ടിച്ച് ജമ്മുകശ്മീരില്‍ പുതുതലമുറ ഭീകരരുടെ ഒളിപ്പോര്. 'ബെഡ്റൂം ജിഹാദ്' എന്നറിയപ്പെടുന്ന ഈ പുത്തന്‍ ഭീകരപ്രവര്‍ത്തനം െസെന്യത്തിനു തലവേദനയാകുന്നു.
നേരിട്ടു പോര്മുഖത്തെത്താതെ, സ്വകാര്യ ഇടങ്ങളുടെ സുരക്ഷിതത്വത്തിലിരുന്ന് കമ്പ്യൂട്ടറുകളോ സ്മാര്‍ട്ട് ഫോണുകളോ ഉപയോഗിച്ച് പ്രകോപനപരമായ അഭ്യൂഹങ്ങള്‍ പരത്തുന്നതിനാലാണ് ഈ ഭീകരപ്രവര്ത്തനരീതിക്ക് 'ബെഡ്റൂം ജിഹാദി' എന്ന പേരുവന്നത്. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കി വര്‍ഗീയലഹളകള്‍ സൃഷ്ടിക്കുകയാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനരീതി.
അതിനായി ഉപയോഗിക്കുന്നതാകട്ടെ ഫേസ്ബുക്ക്, വാട്സ്ആപ്, ട്വിറ്റര്‍ തുടങ്ങിയ ആഗോള സാമൂഹികമാധ്യമങ്ങളും. സ്വന്തം ജീവന് അപകടപ്പെടുത്താതെതന്നെ രാജ്യത്ത് അസ്ഥിരതയും ക്രമസമാധാനത്തകര്‍ച്ചയും ഉണ്ടാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
പ്രസിദ്ധമായ അമര്‍നാഥ് തീര്‍ഥാടനം 29-ന് ആരംഭിക്കാനിരിക്കേ 'ബെഡ്റൂം ജിഹാദി'കള്‍ താഴ്വരയില് അസ്വസ്ഥത പരത്താനും വര്ഗീയലഹളകള്ക്കു വഴിമരുന്നിടാനും ശ്രമിക്കുന്നതു െസെന്യത്തെ അലട്ടുന്നുണ്ട്. കാണാമറയത്തെ ഈ ശത്രുക്കളെ എങ്ങനെ െകെകാര്യം ചെയ്യുമെന്നതു സംബന്ധിച്ച് െസെന്യവും പോലീസും തലപുകയ്ക്കുകയാണ്.
വാക്കുകളുടെ മൂര്‍ച്ചയില്‍ ചോരപ്പുഴയൊഴുക്കുന്ന ഇത്തരം സന്ദേശങ്ങള്‍ ചെറുപ്പക്കാരെയാണ് ഏറെ സ്വാധീനിക്കുന്നതെന്നു പോലീസ് ചൂണ്ടിക്കാട്ടി. െസെന്യത്തിനോ പോലീസിനോ പ്രതികരിക്കാന്‍ സമയം കിട്ടാത്തവിധത്തില്‍ വരുംദിവസങ്ങളില്‍ അമര്‍നാഥ് തീര്‍ഥാടനത്തോടനുബന്ധിച്ചു സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യൂഹപ്രചാരണമുണ്ടാകുമെന്ന് അധികൃതര്‍ ആശങ്കപ്പെടുന്നു. സോഫയില്‍ ചാരിക്കിടന്ന് ആര്‍ക്കും ആയിരക്കണക്കിനു ചാറ്റ് ഗ്രൂപ്പുകളിലൂടെ വര്‍ഗീയവിഷം ചീറ്റാമെന്നതാണ് ഇതിന്റെ അപകടം. ഇത്തരം പ്രചാരണങ്ങള്‍ ജമ്മു കശ്മീരില്‍ മാത്രമായി ഒതുങ്ങുകയുമില്ല. സാമൂഹികമാധ്യമങ്ങളിലൂടെ രാജ്യമെമ്പാടുമുള്ള യുവാക്കളെ ഇവ സ്വാധീനിക്കാനിടയുണ്ട്.
കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പെട്ട ഒരു കോണ്‍സ്റ്റബിളിന്റെ തിരോധാനം സംബന്ധിച്ചു സാമൂഹികമാധ്യമങ്ങളില്‍ പരന്ന അഭ്യൂഹങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ വിള്ളല്‍ ഉദാഹരണമാണ്. വന്തെരച്ചിലിനൊടുവില് കോണ്‍സ്റ്റബിളിന്റെ മൃതദേഹം വടക്കന്‍ കശ്മീരിലെ കുപ്വാരയില്നിന്നു കണ്ടെത്തി.
എന്നാല്‍, അതിനു മുമ്പുതന്നെ, അദ്ദേഹത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന വിധത്തില്‍ സമുദായത്തിനുള്ളില്‍ വാര്‍ത്തകള്‍ പരന്നു. കോണ്‍സ്റ്റബിളിന്റെ മൃതദേഹം കണ്ടുകിട്ടിയതോടെ അതു 'വീരമൃത്യു'വായും ചിത്രീകരിക്കപ്പെട്ടു. എന്നാല്‍, പ്രകൃതിവിരുദ്ധബന്ധം പരസ്യപ്പെടുത്തുമെന്ന ഭീഷണിയേത്തുടര്‍ന്ന് പോലീസുകാരനെ സഹപ്രവര്ത്തകന് കൊലപ്പെടുത്തിയതാണെന്നു ഡി.ജി.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകാന്വേഷണസംഘം കണ്ടെത്തി.
ഖീര്‍ ഭവാനി ക്ഷേത്രത്തിനു ചുറ്റുമുള്ള ജലാശയത്തിലെ വെള്ളം കറുപ്പുനിറമായെന്നു സൂചിപ്പിച്ച് വാട്സ്ആപ് ഗ്രൂപ്പുകളില്‍ ഫോട്ടോ പ്രചരിപ്പിച്ച സംഭവമാണു മറ്റൊന്ന്. കശ്മീരില്‍ വരാനിരിക്കുന്ന വലിയ ആപത്സൂചനയായാണ് ഇതു ചിത്രീകരിക്കപ്പെട്ടത്. ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ട് ജലാശയത്തിന്റെ യഥാര്‍ഥ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അഭ്യൂഹങ്ങള്‍ക്കു തടയിട്ടു.
സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. എന്നാല്‍, ഇത്തരം അന്വേഷണങ്ങള്‍ പലപ്പോഴും കച്ചിത്തുറുവില് സൂചി തപ്പുന്നതുപോലെയാണെന്ന് പോലീസ് പറയുന്നു. കോടിക്കണക്കിനുപേര്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ അവരില്‍ ഒളിച്ചിരിക്കുന്ന കുറ്റവാളിയെ കണ്ടെത്തുക ഹിമാലയന്‍ കടമ്പയാണ്.
ബെഡ്റൂം ജിഹാദി തടയാന്‍ സാമൂഹികമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 22 വെബ്െസെറ്റുകള്ക്ക് ഇതിനകം താഴ്വരയില് നിരോധനമേര്‍പ്പെടുത്തി. 3ജി, 4ജി നെറ്റ്വര്ക്കുകള്ക്കു നിയന്ത്രമേര്പ്പെടുത്തിയതോടെ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളെയാണ് (വി.പി.എന്‍) ഇപ്പോള്‍ സാമൂഹികവിരുദ്ധര്‍ ആശ്രയിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഭീകരസംഘടനാനേതാക്കളുടെ പേരില്‍ പ്രചരിച്ച പല ഹര്‍ത്താല്‍ ആഹ്വാനങ്ങളും അവധി മോഹിച്ചു ചില ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും വ്യാജമായി സൃഷ്ടിച്ചതാണെന്നു പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ട വിദ്യാര്‍ഥികളെ പലപ്പോഴും താക്കീത് നല്കി വിട്ടയയ്ക്കുകയാണുണ്ടായത്. ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നേറുമ്പോള്‍തന്നെ, ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വിവരസാങ്കേതികവിദ്യയ്ക്കു നിയന്ത്രണമേര്‍പ്പെടുത്തേണ്ട ഗതികേടിലാണു സംസ്ഥാനസര്‍ക്കാര്‍.
