
മലപ്പുറം: രണ്ടു യുവാക്കള്‍ക്കൊപ്പം സീരിയല്‍ ആല്‍ബം ടെലിഫിലിം രംഗത്ത് സജീവമായ നടി കഞ്ചാവ് കടത്തിന് അറസ്റ്റില്‍. ആറു കിലോയോളം വരുന്ന കഞ്ചാവ് കാറിനുള്ളില്‍ വെച്ച് യാത്ര ചെയ്ത മലപ്പുറം കോട്ടപ്പടി സ്വദേശിനി തോൽപ്പറമ്പത്ത് സാഹിറ(44)യാണ് പിടിയിലായത്. കോഡൂർ ചെമ്മൻകടവ് ചോലക്കൽ പാലംപടിയിൽ മുഹമ്മദ് ഷമീം (23), ഏനിക്കൽ വിപിൻദാസ് (35) എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായി.
മൈസൂരുവിൽ നിന്നും കാറിൽ കഞ്ചാവുമായി മലപ്പുറത്തേക്ക് വരുന്നതിനിടെ വണ്ടൂരിൽ വെച്ചാണ് മൂന്നംഗ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. നടിയും രണ്ടു യുവാക്കളും ഉൾപ്പെട്ട മൂന്നംഗ സംഘം കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസ് രഹസ്യവിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാളികാവ് എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു കാറില്‍ ഇവര്‍ സഞ്ചരിച്ചത്.
മലപ്പുറത്തെ സീരിയൽ ടെലിഫിലിം നടി കേസില്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത ടെലിഫിലിം രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഒട്ടേറെ ആൽബങ്ങളിൽ അഭിനയിച്ചിട്ടുള്ള സാഹിറ ഇപ്പോഴും രംഗത്ത് സജീവമായിരുന്നു. ഇതിനുമുൻപും ഇവർ കഞ്ചാവ് കടത്തിയിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്.ടെലിഫിലിമുകളിലും നിരവധി ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള മലപ്പുറം കോട്ടപ്പടി സ്വദേശിനി സീരിയലുകളിലും സജീവ സാന്നിദ്ധ്യമാണ്.






