Authored by Web Desk | Last updated: 08 Jun 2017, 4:25 PM | 8 min read
മക്കളുടെ വിയോഗത്തില്‍ മനമുരുകി ജീവിക്കുന്ന മൂന്ന് അമ്മമാര്‍; മഹിജ,രാജേശ്വരി,സുമതി. ജിഷ്ണുവിന്റെയും ജിഷയുടെയും സൗമ്യയുടെയും അമ്മമാര്‍.
അമ്മ, ആ രണ്ടക്ഷരത്തിലുണ്ട് കടലോളം സ്നേഹം, വാല്‍സല്യം, ത്യാഗം, സഹനം എല്ലാം. അമ്മമാരുടെ സ്നേഹത്തിന് പകരം വയ്ക്കാന്‍ ഒന്നുമില്ല. കൈ വളരുന്നോ കാല് വളരുന്നോ എന്ന് നോക്കി മക്കളെ വളര്‍ത്തുമ്പോള്‍ അമ്മമാര്‍ ആഗ്രഹിക്കുന്നത് ഒന്നുമാത്രം, നല്ലൊരു മനുഷ്യനായി ആ കുഞ്ഞ് വളരണം.
മക്കള്‍ താങ്ങും തണലുമാകണമെന്ന് ആഗ്രഹിച്ച മൂന്ന് അമ്മമാര്‍. പക്ഷേ അവരുടെ മക്കള്‍ ഇന്നവര്ക്കൊപ്പമില്ല. തങ്ങളുടെ മക്കള്‍ക്ക് നീതി കിട്ടാനായി അവര്‍ മുട്ടാത്ത വാതിലുകളില്ല. മനസാക്ഷിയുള്ളവര്‍ക്കാര്‍ക്കും ഈ അമ്മമാരുടെ കണ്ണുനീര് കണ്ടില്ലെന്ന് നടിക്കാനാവില്ല. മഹിജ,രാജേശ്വരി, സുമതി എന്നീ മൂന്ന് അമ്മമാര്‍ തങ്ങളുടെ മക്കളെക്കുറിച്ച്...
കരയാനിനി കണ്ണുനീരില്ല
ജിഷ്ണുവിന്റെ ഓര്‍മ്മകളില്‍ അമ്മ മഹിജയും അനുജത്തി അവിഷ്ണയും.
അമ്മയുടെ കൈപിടിച്ച് വളര്‍ന്ന ഒരു മകന്, ഇന്നവന് കേരളത്തിലെ അമ്മമാരുടെയെല്ലാം മനസ്സില്‍ തീരാ വേദനയായി അവശേഷിക്കുന്നു. ജിഷ്ണു പ്രണോയ,് ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ച മിടുമിടുക്കന്‍. ജിഷ്ണുവിന്റെ ഓര്‍മ്മകളുമായി അമ്മ മഹിജ.
ഒരുറുമ്പിനെ പോലും നോവിക്കില്ല
കുഞ്ഞുനാള് മുതല്‍ ഒരു കാര്യത്തിനും വാശിപിടിക്കാത്ത പ്രകൃതമായിരുന്നു ജിഷ്ണുവിന്റേത്. കുഞ്ഞിലേ അയല്‍ വീടുകളിലെ കുട്ടികള്‍ ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ ജിഷ്ണു അവന്റെ കളിപ്പാട്ടങ്ങള്‍ ആ കുട്ടികള്‍ക്ക് കൊടുക്കും. എന്നിട്ട് അവര്‍ ഓടിക്കളിക്കുന്നത് നോക്കി നില്ക്കും. കുട്ടിക്കാലം മുതലേ മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതമാണ് അവന്റേത്.
അച്ഛന് വിദേശത്തായതുകൊണ്ട് അവന് എന്നോടായിരുന്നു കൂടുതല്‍ അടുപ്പം. എല്ലാകാര്യങ്ങളും എന്നോട് പറയും. എന്ത് ആവശ്യമുെണ്ടങ്കിലും എന്നോടാണ് ചോദിക്കുന്നത്. എന്റെ ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്‍ജിനീയറിങ്ങിന് പഠിക്കാന്‍ പോയപ്പോഴാണ് ആദ്യമായി അവന് വീട്ടില്‍ നിന്ന് മാറി നിന്നത്.
ജിഷ്ണു ഹോസ്റ്റലിലേക്ക് പോകുന്നത് വലിയ സങ്കടമായിരുന്നു. അവന് പോയി കഴിഞ്ഞുള്ള കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു. അതുകണ്ടപ്പോള്‍ അവനും വിഷമമായി. എന്റെ അടുത്തു വന്നിരുന്നു. അമ്മ എന്നെ മടിയിലിരുത്തിക്കോളു. അപ്പോഴല്ലേ അമ്മയ്ക്ക് സമാധാനം കിട്ടുു എന്നു പറഞ്ഞ് അവന് എന്നെ കളിയാക്കി. ഞാന്‍ ഒരിക്കലും സങ്കടപ്പെടരുതെന്നാണ് എന്റെ പൊന്നുമോന് ആഗ്രഹിച്ചത്.
പെങ്ങളേയും അവന് ജീവനായിരുന്നു. ജിഷ്ണു കോളജിലേക്ക് പോയശേഷം രണ്ടു ദിവസത്തേക്ക് അവിഷ്ണ ഭക്ഷണം പോലും കഴിച്ചില്ല. പരീക്ഷ അടുത്ത സമയമാണെങ്കിലും പഠിക്കാന്‍ പോലും അവള്‍ക്ക് താല്പര്യമില്ലായിരുന്നു. ചേട്ടന് പഠിക്കാന്‍ പോയതല്ലേ, പഠിച്ച് മിടുക്കനായി അവന് തിരികെ വരുമെന്ന് പറഞ്ഞ് മോളെ ഞാന്‍ ആശ്വസിപ്പിച്ചു. പഠിക്കാന്‍ പോയ എന്റെ മകനെ ആ ദുഷ്ടന്മാരെല്ലാം ചേര്‍ന്ന് കൊന്നില്ലേ? ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത എന്റെ കുഞ്ഞിനോടിത് വേണമായിരുന്നോ?
അവനൊരിക്കലും തെറ്റ് ചെയ്യില്ല
ഇന്നുവരെ അവനെക്കുറിച്ച് ഒരു പരാതിയും കേള്‍ക്കേണ്ടി വന്നിട്ടില്ല. സാധാരണ ആണ്‍കുട്ടികള്‍ മുതിര്‍ന്നുകഴിയുമ്പോള്‍ പല തെറ്റുകളും ചെയ്യും. എന്റെ മകന് തെറ്റ് ചെയ്യില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടായിരുന്നു. ഇത്രയും നല്ലൊരു മകനെ പ്രസവിക്കാന്‍ കഴിഞ്ഞെന്നോര്‍ത്ത് ഞാന്‍ മനസ്സില്‍ അഹങ്കരിച്ചിട്ടുണ്ട്. പാമ്പാടി കോളജില്‍ ചേര്‍ന്ന ശേഷം എന്നും രാവിലെയും വൈകിട്ടും വീട്ടിലേക്ക് വിളിക്കും.
കഴിഞ്ഞ പരീക്ഷാക്കാലത്ത് ഒരു ദിവസം പരീക്ഷാ ഹാളിലേക്ക് പോകുമ്പോള്‍ മുഖം ഷേവ് ചെയ്തിട്ടേ പരീക്ഷ എഴുതാന്‍ അനുവദിക്കു എന്ന് ഒരു അധ്യാപകന് പറഞ്ഞു. അവന് ഹോസ്റ്റലില്‍ പോയി ഒരു ബ്ലേഡ് സംഘടിപ്പിച്ച് ഷേവ് ചെയ്ത് പരീക്ഷ എഴുതാന്‍ പോയ കാര്യമൊക്കെ എന്നോട് പറഞ്ഞിരുന്നു.
പിന്നീട് പരീക്ഷ നടത്താതിരുന്ന അവസരത്തില്‍ ജിഷ്ണുവടക്കമുള്ള കുട്ടികള്‍ പല ചാനലിലും വിളിച്ച് കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഒരു ചാനല്‍ മാത്രമാണ് ഈ കാര്യം ചര്‍ച്ച ചെയ്തത്. ഈ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും എന്റെ കുട്ടിയുടെ ജീവന് പോലും സുരക്ഷിതമല്ലെന്ന് എനിക്കറിയില്ലായിരുന്നു.
അന്ന് രാവിലെയും എന്നോട് സംസാരിച്ചതാണ്. വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. പിന്നെ ഞാനറിയുന്നത് എന്റെ മകന് ഞങ്ങളെ വിട്ടുപോയെന്നാണ്. എന്റെ കുട്ടി കോപ്പിയടിച്ചെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. ചെയ്യാത്ത തെറ്റിന് എന്റെ കുട്ടിയെ ഡീബാര്‍ ചെയ്തു. നല്ല ബുദ്ധിയുള്ള കുട്ടിയാണവന്‍. ഒരിക്കലും അവന്റെ ഭാഗത്തുനിന്ന് ഒരു തെറ്റ് പറ്റില്ല.
അവിഷ്ണയും മഹിജയും
കൊന്നുകളഞ്ഞില്ലേ എന്റെ കുഞ്ഞിനെ
ഒരിക്കല്‍ എന്റെ മകനെ പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക് പിന്നീടൊരിക്കലും അവനെ മറക്കാന്‍ കഴിയില്ല. നാട്ടിലെ ചെറിയ മക്കള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ അവനെ വലിയ കാര്യമായിരുന്നു. എല്‍.കെ.ജി മുതല്‍ നാലാംക്ലാസ് വരെ വളയം മോഡേണ്‍ സ്കൂളിലും പിന്നെ കല്ലാച്ചി എം.ഇ.ടി പബ്ലിക് സ്കൂളിലുമാണ് ജിഷ്ണു പഠിച്ചത്.
പഠിപ്പിച്ച അധ്യാപകര്‍ക്കൊക്കെ അവനെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളു. അവന്റെ സ്കൂളില്‍ പി.ടി.എ മീററിംഗിന് പോകാനൊക്കെ എനിക്ക് ഇഷ്ടമായിരുന്നു. സ്കൂളില്‍ ചെല്ലുമ്പോള്‍ ജിഷ്ണു പ്രണോയ്യുടെ അമ്മ വന്നു എന്ന് പറഞ്ഞ് അവന്റെ കൂട്ടുകാരൊക്കെ ഓടിവരും.
നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ജിഷ്ണു.
പത്താം ക്ലാസിലും പ്ലസ്ടുവിനുമൊക്കെ നല്ല മാര്ക്കോടെയാണവന് പാസായത്. ശാസ്ത്രമേളയിലൊക്കെ ഒരുപാട് സമ്മാനങ്ങളും ജിഷ്ണുവിന് കിട്ടി. എന്ജിനീയറാവണമെന്ന് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. അവന് പത്താംക്ലാസില്‍ പഠിക്കുന്ന സമയത്ത് നോട്ട് ബുക്കില്‍ കുറിച്ചിട്ടതാണീ ആഗ്രഹം.
കുറച്ചുനാള്‍ മുമ്പ് അവനെ എല്‍. കെ.ജിയില്‍ പഠിപ്പിച്ച ടീച്ചറിനെ ഞാന്‍ കണ്ടു. ഇപ്പോള്‍ ജിഷ്ണുവിനെ കാണാറില്ലെന്നും ഇനി നാട്ടില്‍ വരുമ്പോള്‍ സ്കൂളിലേക്ക് വരാന്‍ പറയണമെന്നും ആ ടീച്ചര്‍ പറഞ്ഞു. പിന്നെ ടീച്ചര്‍ കാണുന്നത് അവന്റെ മൃതദേഹമാണ്.
വിടരും മുമ്പേ...
ജിഷ്ണുവിന് ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. പഠിച്ച് നല്ലൊരു എന്‍ജിനീയറായി അവന് ഒരു കമ്പനി തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴേ അതൊക്കെ ചിന്തിക്കണോ എന്ന് ഞാനവനോട് ചോദിച്ചതാണ്. എല്ലാം ഇപ്പോഴേ പ്ലാന്‍ ചെയ്യണമെന്നായിരുന്നു അവന്റെ മറുപടി. അവന്റെ കൂട്ടുകാരെല്ലാം ആ കമ്പനിയില്‍ വേണമെന്നതും അവന്റെ സ്വപ്നമായിരുന്നു.
കമ്പനിക്ക് അവന് പേരും കണ്ടുപിടിച്ചിരുന്നു, കൊമേഴ്സ്. ആ പേരില്‍ ജിഷ്ണു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. അവന്റെ മരണശേഷം കൂട്ടുകാര്‍ പറഞ്ഞാണ് ഞാനീ കാര്യം അറിയുന്നതുതന്നെ. അവനെപ്പോലെ നല്ല ബുദ്ധിയുള്ള കൂട്ടികളായിരുന്നു അവന്റെ കൂട്ടുകാരും. അഷ്മല്‍ എന്ന കൂട്ടുകാരനെ അവന്റെ ഉമ്മയ്ക്കൊപ്പം ഉള്ളേരി എന്‍ജിനീയറിങ് കോളേജില്‍ ചേര്‍ക്കാന്‍ ജിഷ്ണുവും കൂടെപ്പോയി.
ജിഷ്ണുവിന്റെ അച്ഛന് അശോകന്
തിരികെ വരില്ലെങ്കിലും...
ഏഴ് എ പ്ലസുകളുമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം. ഈ വിജയത്തില്‍ സന്തോഷിക്കാന്‍ അവിഷ്ണയ്ക്ക് കഴിയില്ല. ജിഷ്ണുവിന് അവള് പ്രിയപ്പെട്ട ആര്യയാണ്. ജീവനുതുല്യം സ്നേഹിച്ച ഏട്ടന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ ഈ പെണ്കുട്ടിക്കാവുന്നില്ല. അവിഷ്ണ പറഞ്ഞു തുടങ്ങി, തന്റെ പ്രിയപ്പെട്ട ഏട്ടനെക്കുറിച്ച്...
പരീക്ഷ എഴുതാനുള്ള അവസ്ഥയിലായിരുന്നില്ല ഞാന്‍. എങ്കിലും എന്തൊക്കയോ എഴുതി. നന്നായി പഠിക്കണമെന്ന് ഏട്ടന് എപ്പോഴും പറയുമായിരുന്നു. സമയമുള്ളപ്പോള്‍ പാഠങ്ങളൊക്കെ പറഞ്ഞു തരും. പഠിക്കുമ്പോള്‍ എന്തു സംശയമുണ്ടായാലും ഏട്ടനോട് ചോദിക്കാം. പരീക്ഷാ സമയത്ത് വീടിനടുത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ പോയാണ് പഠിച്ചത്. ഇവിടെ ഇരുന്നാല്‍ എനിക്കൊന്നും പഠിക്കാന്‍ കഴിയില്ല.
അച്ഛന് വിദേശത്തായതുകൊണ്ട് വീട്ടില്‍ ഞങ്ങള്‍ മൂന്നുപേരുമേ ഉണ്ടാകു. മഴയും ഇടിയുമുള്ള സമയത്ത് അമ്മയും ഞാനും ഏട്ടനും കൂടി ഒരുമുറിയിലാണ് കിടക്കുന്നത്. അപ്പോഴും ഏട്ടന് ഓരോ കാര്യങ്ങളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അച്ഛന് നാട്ടില്‍ വരുമ്പോള്‍ ഞങ്ങളെല്ലാവരും കൂടിയാണ് എയര്‍പോട്ടില്‍ പോയി അച്ഛനെ കൂട്ടിക്കൊണ്ടുവരുന്നത്. തിരികെ വരുമ്പോള്‍ ബീച്ചിലൊക്കെ പോകും.
നാട്ടിലെ എല്ലാ ആഘോഷങ്ങള്‍ക്കും ഏട്ടന് മുമ്പിലുണ്ടാകും. ഏട്ടന് മരിച്ച ശേഷം അമ്മ ഭക്ഷണംപോലും കഴിക്കില്ലായിരുന്നു. അമ്മ സമരം നടത്തിയപ്പോള്‍ ഏട്ടന്് നീതി കിട്ടണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഞാനും നിരാഹാരമിരുന്നത്. എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാനാവുന്നില്ല. എന്റെ ഏട്ടന് തിരികെ വരുമെന്ന തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഏട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളിലാണ് ഞങ്ങള്‍ ജീവിക്കുന്നത്.
ജിഷയുടെ അമ്മ രാജേശ്വരി
നീതി തേടി ഒരമ്മ
കഷ്ടപ്പാടുകള്‍ക്ക് നടുവിലും തന്റെ മകള്‍ പഠിച്ച് നല്ല നിലയില്‍ എത്തുന്നത് കാണാന്‍ ആഗ്രഹിച്ച ഒരമ്മ. മരണം തട്ടിയെടുത്ത ജിഷയുടെ ഓര്‍മ്മകളില്‍ അമ്മ രാജേശ്വരി.
കെട്ടുറപ്പുള്ള ഒരു കൂരയ്ക്കുള്ളില്‍ ജീവിക്കാന്‍ ആഗ്രഹിച്ച ഒരമ്മയും മകളും. നീണ്ട നാളത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ അവര്‍ക്കൊരു വീടുണ്ടായി. പക്ഷേ നല്ലൊരു വീട് സ്വപ്നം കണ്ട മകള്‍ ആ അമ്മയ്ക്കൊപ്പമില്ല. കേരളത്തിലെ അമ്മമാരുടെ മനസിലൊട്ടാകെ ഒരു വിങ്ങലായി മാറിയ ആ പെണ്‍കുട്ടിയെ ആരും മറന്നിട്ടുണ്ടാവില്ല.
ജിഷ. പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി രാജേശ്വരിയുടെ മകള്‍. ജിഷ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. താന്‍ ജീവനേക്കാളേറെ സ്നേഹിച്ച തന്റെ മകള്‍ ഒപ്പമില്ലെന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ രാജേശ്വരിക്ക് കഴിഞ്ഞിട്ടില്ല. ഇനി ഈ അമ്മയ്ക്ക് ഒരേയൊരു പ്രാര്‍ത്ഥന മാത്രം. തന്റെ മകളുടെ ജീവനെടുത്തവന് വധശിക്ഷ ലഭിക്കണം.
ജീവിച്ചു കൊതി തീരാതെ...
എന്റെ കുഞ്ഞില്ലാത്തൊരു ജീവിതം എനിക്കില്ല. അവള്‍ക്കും എന്നെ ജീവനായിരുന്നു. എന്റെ ചങ്കില് നിന്നാണ് എന്റെ കൊച്ചിനെ പറിച്ചെടുത്തത്. ജീവിച്ച് കൊതി തീര്‍ന്നിട്ടില്ലായിരുന്നു എന്റെ മോന്. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാനവളെ വളര്‍ത്തിയത്.
എന്റെ മകള്‍ എനിക്കൊപ്പമുണ്ട്. അവള് മരിച്ചെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല. അവളുടെ ആത്മാവ് എന്നെ അന്വേഷിച്ച് കരഞ്ഞു നടക്കുന്നുണ്ടാവും..
ജിഷയ്ക്ക് നല്ലൊരു ജോലി കിട്ടും എന്നവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. നല്ലൊരു വീട് വച്ച്, എന്റെ കഷ്ടപ്പാടുകള്‍ തീര്‍ന്നു കാണണമെന്ന് എന്റെ കുഞ്ഞ് എന്നും പറയുമായിരുന്നു.
ഞാന്‍ ജോലി കഴിഞ്ഞുവരുമ്പോള്‍ ചായ ഉണ്ടാക്കി കാത്തിരിക്കുന്ന അമ്മയെയാണ് എനിക്ക് വേണ്ടതെന്ന് അവള് പറയുമായിരുന്നു. ഇപ്പോള്‍ എന്റെ കുഞ്ഞിനെ കാത്തിരിക്കേണ്ട അവസ്ഥയാണ് എല്ലാവരും കൂടി ഉണ്ടാക്കിയത്.
സൗമ്യയുടെ അമ്മ സുമതി
മാലാഖ പോലെ മകളേ നീ
നീതി നിഷേധിക്കപ്പെട്ട മകള്‍ക്ക് വേണ്ടി തോരാ കണ്ണീരുമായി ഒരമ്മ, സുമതി, സൗമ്യയുടെ അമ്മ.
സൗമ്യയെ ഓര്‍മ്മയില്ലേ? ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് ജീവന് നഷ്ടമായ പെണ്‍കുട്ടി. സൗമ്യ ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുന്നു. സൗമ്യ തിരികെ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അമ്മ സുമതി. തന്റെ മകളുടെ ജീവനെടുത്തവനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ വാര്‍ത്ത കേട്ട് സങ്കടപ്പെടാനേ ഈ അമ്മയ്ക്ക് കഴിയൂ. നീതി ദേവതയും ഇവര്‍ക്കുനേരെ കണ്ണടയ്ക്കുമ്പോള്‍ ഇനി ഒരു അമ്മയ്ക്കും ഈ അനുഭവം ഉണ്ടാവരുതെന്ന പ്രാര്‍ത്ഥനയിലാണ് സുമതി.
എന്റെ കുഞ്ഞിന് നീതി വേണം
ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ആ വാര്‍ത്ത കേള്‍ക്കാനായിട്ടാണ് ഞാന്‍ കാത്തിരുന്നത്. എന്റെ കുട്ടിയോട് ചെയ്ത ക്രൂരതക്ക് അവന് തക്ക ശിക്ഷ കിട്ടിയില്ല. ഇനി എനിക്ക് ഒരു പ്രാര്‍ത്ഥനയേ ഉള്ളു. ആ ദുഷ്ടന് ഇനി പുറംലോകം കാണരുത്. അവനെ പുറത്തുവിട്ടാല്‍ ഇനിയും സൗമ്യമാരുണ്ടാകും.
2011 ഫെബ്രുവരി ഒന്നിനാണ് ആ ദുരന്തം നടന്നത്. ആറാം തിയതി അവള് എന്നെ വിട്ടുപോയി. എന്റെ കുട്ടി ഒരുപാട് വേദനയനുഭവിച്ചാണ് മരിച്ചത്. അവളെ കൊല്ലാക്കൊല ചെയ്ത ദുഷ്ടന് ഒരു വേദനയുമറിയാതെ ജീവിക്കുന്നു. ഗള്‍ഫ് നാടുകളിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ കിട്ടിയേനെ. നമ്മുടെ നാട്ടിലും ഇത്തരം ശിക്ഷാ രീതി കൊണ്ടുവരണം.
എങ്കിലേ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കു. ഹൈക്കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ തന്നെ അവനെ തൂക്കിക്കൊല്ലണമായിരുന്നു. എങ്കില്‍ ഈ നാട്ടില്‍ നടക്കുന്ന പീഡനങ്ങള്‍ക്ക് ഒരു അവസാനമുണ്ടായേനെ. മകളെയോര്‍ത്ത് ഇനി ഒരമ്മയും കരയാനിടയാവരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.
പക്ഷേ ഡല്‍ഹിയില്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയ,പെരുമ്പാവൂരിലെ ജിഷ അങ്ങനെ എത്രയോ പെണ്‍കുട്ടികള്‍. കൈകുഞ്ഞു മുതല്‍ തൊണ്ണൂറായ അമ്മമാര്‍വരെ പീഡിപ്പിക്കപ്പെടുന്നു. സൗമ്യ മരിച്ചിട്ട് എഴുവര്ഷമായത് മറ്റുള്ളവര്‍ക്കാണ്. എനിക്ക് അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഓരോദിവസവും കൂടി വരികയാണ്.
പഠിക്കാനായി പല നാട്ടിലേക്ക് പോയെങ്കിലും കൂട്ടുകാരുടെ ഈ സ്നേഹം എന്നും വേണമെന്ന് എല്ലാ കുട്ടികളോടും ഞാന്‍ പറയുമായിരുന്നു. പരസ്പരം കാണുന്നില്ലെങ്കിലും ഞങ്ങളുടെ സൗഹൃദത്തിന് ഒരു കുറവും വരില്ലെന്നാണ് അവരെന്നോട് പറഞ്ഞത്. ജിഷ്ണുവിനെ കാണാന്‍ കഴിയില്ലെങ്കിലും അവന്റെ സ്നേഹം ആ കുട്ടികള്‍ തിരിച്ചറിയുന്നുണ്ടാവും.
ജിഷ്ണുവിന് വേണ്ടി
ജിഷ്ണു ഒരുപാട് ആഗ്രഹിച്ചതാണ് ഒരു എഞ്ചിനീയറാവാന്‍. പക്ഷേ പഠനം പൂര്‍ത്തിയാക്കാന്‍ അവന് കഴിഞ്ഞില്ല. എല്ലാവരേയും സഹായിക്കാന്‍ മനസ്സുള്ള കുട്ടിയായിരുന്നു എന്റെ മകന്. അവന് സാധിക്കാതെ പോയത് മറ്റു കുട്ടികളിലൂടെ സാധിക്കണം. നന്നായി പഠിക്കുന്ന സാമ്പത്തികമില്ലാത്ത കുട്ടികള്‍ക്ക് പഠിക്കാനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കണം. ഇനി അവന് വേണ്ടി എനിക്കതേ ചെയ്യാനുള്ളു.
ജിഷ്ണു മരിച്ചതിനുശേഷം പല സ്ഥലങ്ങളില്‍ നിന്നും എന്നെ കാണാന്‍ കുറേ ആളുകള്‍ വന്നു. അവര്‍ക്കൊക്കെ എന്റെ മോനെക്കുറിച്ച് നല്ലതുമാത്രമേ പറയാനുായിരുന്നുള്ളു. ഇപ്പോഴാണ് അവന് ചെയ്ത പല നല്ല കാര്യങ്ങളും ഞാന്‍ അറിയുന്നത്.
കൊഴിഞ്ഞുപോയ സ്വപ്നങ്ങള്‍
എന്റെ മോളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള ഒരു വീട്. ഇന്ന് ഞങ്ങള്‍ക്ക് നല്ലൊരു വീടുണ്ട്. ഇതൊന്നും കാണാന്‍ നില്‍ക്കാതെ അവളങ്ങ് പോയില്ലേ? ഒരു ദിവസം പോലും എന്റെ കുഞ്ഞിന് ഈ വീട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്പോ ള്‍ എന്റെ നെഞ്ച് പൊട്ടിപ്പോകുന്നു. കനാലിന്റെ അരികത്തുള്ള ഒരു ഷെഡ്ഡിലാണ് ഞാനും എന്റെ മോളും ജീവിച്ചത്.
വീടിനുള്ളില്‍ ഇരുന്നു പഠിക്കാന്‍ ഒരു കസേരയോ മേശയോ പോലുമില്ലായിരുന്നു. നിലത്തിരുന്ന് പഠിക്കുന്നത് കണ്ടിട്ട് ഞാന്‍ ഹോളോബ്രിക്സുകൊണ്ട് അവള്‍ക്ക് ഇരുന്നു പഠിക്കാനുള്ള സൗകര്യമുണ്ടാക്കുകയാണ് ചെയ്തത്. എനിക്ക് ആക്സിഡന്റ് ഉണ്ടായ ശേഷം അവള്‍ക്ക് പേടിയായിരുന്നു. എങ്ങനെയെങ്കിലും ഒരു മുറിയെങ്കിലും പണിത് പുതിയ വീട്ടിലേക്ക് മാറണമെന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട്.
അത്രയ്ക്കുണ്ടായിരുന്നു ചുറ്റുമുള്ളവരുടെ ഉപദ്രവം. അടുത്ത വീട്ടുകാരൊക്കെ ഒരുപാട് ദ്രോഹിച്ചു. അവര്‍ ഞങ്ങളുടെ വീടിനോട് ചേര്‍ന്ന് കരിയിലക്ക് തീയിടും. മോളുടെ പരീക്ഷ സമയത്ത് ബഹളമുണ്ടാക്കും. അടുത്ത വീട്ടുകാര്‍ ഞങ്ങളുടെ പറമ്പിന്റെ വേലി പൊളിച്ചു കളഞ്ഞിട്ടാണ് അവരുടെ വീട്ടിലേക്കുള്ള പാലം പണിതത്.
അന്ന് ഞാനവരെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. പോലീസിന് പരാതി കൊടുത്തു. ആരും തിരിഞ്ഞ് നോക്കിയില്ല. ബി.എക്ക് പഠിക്കുന്ന സമയം വരെ ജിഷയ്ക്ക് ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു. പിന്നെ എല്ലാവരും ഞങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് അവള് ഒതുങ്ങിക്കൂടിയത്.
പഠിക്കാന്‍ മിടുക്കിയായിരുന്നു എന്റെ കുട്ടി. ബി.എക്ക് പഠിക്കുമ്പോള്‍ അവള്‍ക്ക് വീണ് പരിക്കുപറ്റി. അതുകഴിഞ്ഞ് ജിഷ എന്റെ കൂടെ പെരുമ്പാവൂരിലെ ഒരു ആശുപത്രിയില്‍ ജോലിക്ക് വന്നു. എങ്ങനെയും പഠിക്കണമെന്നായിരുന്നു അവളുടെ സ്വപ്നം. കുട്ടിക്കാലം മുതലേ അവള് നൃത്തം പഠിച്ചു.
നല്ലൊരു വീട് വച്ച് മാറുമ്പോള്‍ അവിടെ കുട്ടികളെ നൃത്തം പഠിപ്പിക്കണമെന്ന് അവള് പറയുമായിരുന്നു. ഞാന്‍ വീടുപണിക്ക് കാശ് കടം വാങ്ങാന്‍ പോയപ്പോഴാണ് വീട്ടില്‍ കയറി എന്റെ പൊന്നുമോളെ കൊന്നത്. എന്റെ കുഞ്ഞ് ഒരിക്കലും ആരോടും വഴക്കുണ്ടാക്കാന്‍ പോയിട്ടില്ല. ഞാന്‍ പഠിച്ച് വക്കീലായിട്ട് ഈ പ്രശ്നങ്ങളൊക്കെ തീര്‍ക്കാം. ഇപ്പോള്‍ അമ്മ വഴക്കിനൊന്നും പോവരുത് എന്നേ ജിഷ പറഞ്ഞിട്ടുള്ളു.
നഷ്ടം എനിക്കു മാത്രം
കഷ്ടപ്പെട്ടാണ് ഞാന്‍ എന്റെ മക്കളെ വളര്‍ത്തിയത്. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു എന്റെ കുഞ്ഞ്. ഒരു ജോലിക്കായി അവള് ഒരുപാട് കഷ്ടപ്പെട്ടു. ഒരാളും ഞങ്ങളെ സഹായിച്ചിട്ടില്ല. പലയിടത്തും ഞാന്‍ സഹായത്തിനായി കെഞ്ചി.
ഞങ്ങളുടെ നിസഹായാവസ്ഥ പറഞ്ഞ് ഒരു മുസ്്ലിം പള്ളിയില്‍ വരെ സഹായത്തിനായി അപേക്ഷിച്ചു. ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അന്വേഷിച്ചില്ല.
ബന്ധുക്കള്‍ പോലും തിരിഞ്ഞ് നോക്കിയില്ല. എല്ലാവര്ക്കും പണം മാത്രം മതി. ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കില്‍ എന്റെ കുഞ്ഞ് ഇന്ന് ജീവിനോടെയിരുന്നേനെ. കൊന്നു കളഞ്ഞില്ലേ എന്റെ കുഞ്ഞിനെ?. എന്തു തെറ്റാണ് എന്റെ മകള്‍ ചെയ്തത്.
നീതി കിട്ടണം
ഇനി ഒരു പെണ്‍കുട്ടിക്കും ഈ ദുര്‍ഗ്ഗതി ഉണ്ടാവരുത്. പെണ്ണിനെ ദ്രോഹിക്കുന്നവര്‍ക്ക് വധശിക്ഷ തന്നെ കിട്ടണം. ഗള്‍ഫ് രാജ്യങ്ങളിലെ ശിക്ഷാ രീതി തന്നെ ഇവിടെയും നടപ്പിലാക്കണം. എന്റെ കുഞ്ഞിനെ കൊന്നവനെ നിയമത്തിന് മുമ്പിലെത്തിച്ചില്ലേ? ഇനി എന്തിനാണ് അവനെ ജയിലില്‍ ഇട്ടിരിക്കുന്നത്? അവനെ എത്രയും വേഗം തൂക്കിക്കൊല്ലണം. ആരെ പേടിച്ചാണ് അവനെ സംരക്ഷിക്കുന്നത്?
സൗമ്യയെന്ന പെണ്‍കുട്ടിയെ കൊന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി. ആ പെണ്‍കുട്ടി മരിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. അവളെ കൊന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. സൗമ്യയെപ്പോലെ എന്റെ മകള്‍ക്കും നീതി നിഷേധിക്കാന്‍ ഞാന്‍ അനുവദിക്കില്ല. അതിനുവേണ്ടി സമരത്തിനിറങ്ങാനും ഞാന്‍ തയ്യാറാണ്.
ആ ദുഷ്ടനെ തൂക്കി കൊന്നു എന്ന് കേള്‍ക്കാന്‍ ഓരോ ദിവസവും തള്ളി നീക്കുകയാണ് ഞാന്‍. ( കണ്ണുനീരൊഴുകുമ്പോഴും അവര്‍ രോഷം കൊള്ളുന്നു. തന്റെ മകള്‍ക്ക് നീതി കിട്ടണം എന്ന് പ്രാര്‍ത്ഥിക്കുന്നു.) ഈ അമ്മയുടെ കണ്ണുനീരിന് മുമ്പില്‍ നീതി പീഠം കനിയട്ടെ. ഇനി ഒരു ജിഷ ഈ കേരളത്തില്‍ ഉണ്ടാവരുത്.
അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ് പിടയുകയാണ്. എന്റെ മകള്‍ എന്നെ അങ്ങനെയാണ് സ്നേഹിച്ചത്. സൗമ്യക്ക് എന്നെ വിട്ടുപോകാന്‍ കഴിയില്ല. അവള് എന്നോടൊപ്പമുണ്ട്. എന്നും രാവിലെ വീട്ടില്‍ ഒരു കാക്ക വരും. ഞാനതിനെ കണ്ടില്ലെങ്കില്‍ ആ കാക്ക വീടിനു ചുറ്റും കരഞ്ഞുകൊണ്ട് പറന്നു നടക്കും.
ഞാന്‍ കണ്ടു, ഇപ്പോള്‍ ഭക്ഷണം കൊണ്ടുവരാം എന്നു പറഞ്ഞാല്‍ പിന്നെ അത് മിണ്ടില്ല. ഞാനെന്നും ഒരു ഇലയില്‍ ആ കാക്കയ്ക്ക് ഭക്ഷണം കൊടുക്കും. അതെന്റെ മകളായിരിക്കും എന്നാണ് എന്റെ വിശ്വാസം.
എന്റെ പാവം കുട്ടി
കോണ്‍വെന്റ് സ്കൂളിലാണ് സൗമ്യ പഠിച്ചത്. രണ്ടു വയസ്സും അഞ്ച് മാസവുമുള്ളപ്പോള്‍ ക്രഷില്‍ കൊണ്ടാക്കിയതാണ് സൗമ്യയെ. അവിടുത്തെ ചിട്ടയില്‍ വളര്‍ന്ന കുട്ടിയാണ് സൗമ്യ. ആരും ഒരു കുറ്റവും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. എനിക്കെന്നും അവളെയോര്‍ത്ത് അഭിമാനമേയുള്ളു. അവളെ പഠിപ്പിച്ച അധ്യാപകര്‍ക്ക് ഇന്നും എന്നെ കാണുമ്പോള്‍ സങ്കടമാണ്.
എന്റെ സങ്കടം കാണാന്‍ പറ്റാത്തതുകൊണ്ട് എന്റെ മുമ്പില്‍ വരാതെ അവര്‍ മാറി നടക്കും. നന്നായി പഠിക്കുന്ന കുട്ടിയാണെങ്കിലും നല്ല രീതിയില്‍ പഠിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എറണാകുളത്ത് ജോലി ചെയ്യുമ്പോഴും പ്രൈവറ്റായി പഠിക്കുന്നുണ്ടായിരുന്നു. ഒരു കമ്പ്യൂട്ടര്‍ കോഴ്സും ഒപ്പം പഠിച്ചു. പരീക്ഷയില്‍ സൗമ്യയ്ക്ക് നല്ല മാര്‍ക്കുണ്ടെന്ന് പിന്നീടറിഞ്ഞു.
അതുകൊണ്ടെന്ത് കാര്യം. അതൊന്നും കാണാനുള്ള ഭാഗ്യം എന്റെ കുട്ടിക്കുണ്ടായില്ലല്ലോ? മക്കള്‍ കൂടെയുള്ളതാണ് അമ്മമാരുടെ സന്തോഷം. വിവാഹം കഴിപ്പിച്ചയച്ചാലും കാണാന്‍ ആഗ്രഹിക്കുമ്പോള്‍ കാണാമല്ലോ? വിശപ്പു സഹിക്കാന്‍ പറ്റാത്ത കുട്ടിയായിരുന്നു സൗമ്യ. ഞാന്‍ കഴിവതും പട്ടിണി അറിയിക്കാതെയാണവളെ വളര്‍ത്തിയത്. എങ്കിലും പട്ടിണി കിടക്കാന്‍ അവള്‍ക്കൊരു മടിയുമില്ലായിരുന്നു.
അന്ന് ഉച്ചക്ക് ഭക്ഷണംപോലും കഴിക്കാതെ എന്റെ അടുത്തേക്ക് ഓടി വരികയായിരുന്നു അവള്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അവള്‍ക്ക് അമ്മയോട് ഭയങ്കര സ്നേഹമാണ്.
പിന്നെ അമ്മേന്നല്ല, സുന്ദരിയേ എന്നാണ് എന്നെ വിളിക്കുന്നത്.(സൗമ്യയെക്കുറിച്ചോര്ത്തപ്പോള് ഒരുനിമിഷത്തേക്ക് വീണ്ടുമൊരു പുഞ്ചിരി സുമതിയുടെ മുഖത്ത് വിരിയുന്നു. സന്തോഷം സങ്കടത്തിന് വഴി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല.) ഇന്ന് അമ്മമാരോട് മക്കള്‍ മോശമായി പെരുമാറുന്നതുകാണുമ്പോള്‍,എന്റെ മകള്‍ ഒരിക്കല്‍പോലും എന്റെ നേരെ മുഖം കറുപ്പിച്ചിട്ടില്ലെന്നോര്ത്ത് ഞാന്‍ സമാധാനപ്പെടും.
തലചായ്ക്കാന്‍ ഒരു കൂരയുണ്ട്
ഷൊര്‍ണ്ണൂര്‍ കാരക്കാട് പഴയ റെയില്‍വേസ്റ്റേഷന്റെ അടുത്താണ് താമസം. വീടിന്റെ പണികള്‍ പൂര്‍ത്തിയായിട്ടില്ല. ഭൂമിയുടെ ആധാരം പണയം വച്ചാണ് വീടുപണിക്കുള്ള പണം സംഘടിപ്പിച്ചത്. നിങ്ങള്‍ക്കുമാവാം കോടീശ്വരന് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ കിട്ടിയ കാശുകൊണ്ട് ലോണ്‍ തിരിച്ചടച്ചു. പലരും സഹായിച്ചിട്ടുണ്ട്.
അന്നത്തെ സര്‍ക്കാര്‍ മകന് ജോലി നല്കി. എനിക്ക് പ്രമേഹത്തിന്റെ അസ്വസ്തതകളൊക്കെയുണ്ട്. മനസ് ശരിയല്ല. അതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.
ഇനി മകനെ വിവാഹം കഴിപ്പിക്കണം. ഒരുപാട് ആലോചനകള്‍ വന്നു. പക്ഷേ ഒരു ദുരന്തം നടന്ന വീട്ടിലേക്ക് മരുമകളായി കടന്നുവരാന്‍ ഒരുപെണ്‍കുട്ടിയും തയ്യാറാവുന്നില്ല.
ഇനി എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. തലചായ്ക്കാന്‍ ഒരു കൂരയായി. ഇനി എന്നെയാരും ഈ വീട്ടില്‍ നിന്ന് ഇറക്കി വിടില്ലല്ലോ? എനിക്കിനി ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതി.