പനജി: ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയെന്ന സംഘപരിവാര്‍ സംഘടനകളുടെ ലക്ഷ്യം മുന്‍നിര്‍ത്തി ഹൈന്ദവ സംഘടകള്‍ ഗോവയില്‍ ഒത്തുചേരുന്നു. 150ഓളം ഹിന്ദു സംഘടനകളാണ് ഗോവയില്‍ സമ്മേളിക്കുന്നത്. ജൂണ്‍ 14 മുതല്‍ 17 വരെയാണ് സമ്മേളനം. 2023ഓടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് ലക്ഷ്യം. ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തിലാണ് ഹൈന്ദവ സംഘടനകളുടെ സമ്മേളനം.
ഡോ. നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്തിയ സനാതന്‍ സന്‍സ്തയുടെ സഹോദര സംഘടനയാണ് ഹിന്ദു ജനജാഗ്രതി സമിതി. ഇന്ത്യയിലെ ജനങ്ങള്‍ ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നുണ്ടെന്ന് സംഘടനയുടെ വക്താവ് ഉദയ് ധൂരി പറഞ്ഞു. ഹിന്ദു രാഷ്ട്രത്തിന്റെ ശക്തനായ വക്താവായ യോഗി ആദിത്യനാഥ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതടക്കം സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതിന്റെ തെളിവാണെന്നും ധൂരി പറഞ്ഞു.
ഹിന്ദു രാഷ്ട്രം എങ്ങനെ യാഥാര്‍ത്ഥ്യമാക്കണമെന്നത് സംബന്ധിച്ച് സമ്മേളനം സര്‍ക്കാരിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുമെന്ന് ധൂരി വ്യക്തമാക്കി. 2023ഓടെ ഹിന്ദു രാഷ്ട്രം യാഥാര്‍ത്ഥ്യമാകും. ഈ ഉദ്യമത്തിനായി എല്ലാ ഹൈന്ദവ സംഘടനകളെയും ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്നും ധൂരി പറഞ്ഞു. ലൗവ് ജിഹാദ്, മതപരിവര്‍ത്തനം, ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്നും ധൂരി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വന്തം ആളാണെന്ന് ധൂരി അവകാശപ്പെട്ടു. എന്നാല്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചത് പോലെ മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ധൂരി ആരോപിച്ചു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാത്തതും കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാത്തതും അടക്കമുള്ള വിഷയങ്ങളിലാണ് മോഡി സര്‍ക്കാരിനെതിരായി ധൂരിയുടെ പ്രതിഷേധം.
