ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമായിരിക്കും. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതിനകം പാന്‍ കാര്‍ഡും ആധാര്‍ നമ്പരും ലഭിച്ചിട്ടുള്ളവര്‍ ഇവ ബന്ധിപ്പിക്കുന്നതിന് ആദായ നികുതി വകുപ്പിനെ ആധാര്‍ നമ്പര്‍ അറിയിക്കേണ്ടതാണെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
പുതിയതായി പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതിന് സുപ്രീം കോടതി അംഗീകാരം നല്‍കിയിരുന്നു. അതേസമയം ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ് റദ്ദാകില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. പാന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടാല്‍ ബാങ്ക് ഇടപാടുകളോ മറ്റ് സാമ്പത്തിക ഇടപാടുകളോ നടക്കില്ല. ഇക്കാര്യം പരിഗണിച്ചാണ് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതിന് താല്‍ക്കാലിക ഇളവ് നല്‍കിയിരിക്കുന്നത്.






