
സൂപ്പര്‍ഹിറ്റായ രാജാവിന്റെ മകന് എന്ന സിനിമയിലേയ്ക്ക് കോമഡി സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന മോഹന്‍ലാലിനെ നായകനാക്കിയ കഥ തിരക്കഥാകൃത്ത ഡെന്നീസ് ജോസഫ് പറയുന്നു. ഒപ്പം ഒരു സിനിമയില്‍ ഒരു സീനില്‍ വന്ന സുരേഷ് ഗോപിയുടെ ഉദയവും. ഒറ്റ ചിത്രത്തിലൂടെ രണ്ട് സൂപ്പര്‍താരങ്ങളാണ് മലയാളസിനിമയില്‍ ഉയര്‍ന്നു വന്നത്. ഡെന്നീസ് ജോസഫിന്റെ വാക്കുകള്‍: 'പ്രിയദര്‍ശന്റെ കോമഡിപ്പടങ്ങളിലെല്ലാം ലാലുണ്ട്. ഇപ്പോഴും പ്രിയദര്‍ശന്റെ വിജയിക്കാത്ത തമാശപ്പടങ്ങള്‍ മൂന്നും നാലും പ്രാവശ്യം കണ്ട് ചിരിക്കാറുണ്ട്, ഞാന്‍. ലാലിന്റേതായി ഒരു ആക്ഷന്‍ ത്രില്ലറേ അന്ന് വിജയിച്ചുള്ളൂശശികുമാര്‍ സംവിധാനം ചെയ്ത 'പത്താമുദയം'. അതുകൊണ്ടുതന്നെ ലാലിനെ വച്ച് 'രാജാവിന്റെ മകന്' ശരിയാവുമോ എന്ന സംശയം എനിക്കുമുണ്ടായിരുന്നു.
''കോമഡി ചെയ്യുന്ന ലാലിന് ഈ സീരിയസ് വേഷം പറ്റുമോ?'' ഞാന്‍ തമ്പിയോടു തന്നെ ചോദിച്ചു. തമ്പിക്ക് നൂറുശതമാനം ഉറപ്പായിരുന്നു. ലാല്‍ അഭിനയിക്കുന്നതുപോലെ കൈ തെറുത്തു കയറ്റുന്നതും മീശ പിരിക്കുന്നതുമൊക്കെ തമ്പി അഭിനയിച്ചുകാണിച്ചുതന്നു. ആ ബലത്തില്‍ ഞാന്‍ വീണ്ടും എഴുതാനിരുന്നു. നായകന് ഒരു പേരിടണം. കേള്‍ക്കുമ്പോള്‍ അതിനൊരു കരുത്തുവേണം. ഫോര്‍ട്ട്കൊച്ചിയിലൊക്കെ സ്ഥിരം കേള്‍ക്കുന്ന രണ്ടുപേരുകളുണ്ട്. വിന്‍സെന്റും ഗോമസും. രണ്ടും ചേര്‍ത്താല്‍ നന്നാവുമെന്ന് തോന്നി. അങ്ങനെയാണ് വിന്‍സെന്റ് ഗോമസ് പിറന്നത്. വിന്‍സെന്റ് ഗോമസിന്റെ കൈയാളായി ഒരാള്‍ വേണം. ലാലു അലക്സ് പോലുള്ള നടന്മാരെ അന്വേഷിച്ചെങ്കിലും ലാലിന്റെ ഗുണ്ടാവേഷമാണെന്ന് കരുതി അവരൊക്കെ കൈയൊഴിഞ്ഞു.
'രാജാവിന്റെ മകന്' കഴിഞ്ഞതിനുശേഷം എനിക്കെഴുതേണ്ടത് കെ.ജി.ജോര്‍ജിന്റെ പടമാണ്. 'ശ്യാമ' കണ്ട് ഇഷ്ടപ്പെട്ടപ്പോഴാണ് ഒരു തിരക്കഥ നല്‍കണമെന്ന് ജോര്‍ജ് സാര്‍ പറഞ്ഞത്. രാജാവിന്റെ മകന് എഴുതുന്ന സമയത്ത് ഒരിക്കല്‍ ജോര്‍ജ്സാര്‍ വിളിച്ചു. ''എന്റെ അളിയനുണ്ട്. മോഹന്‍ജോസ്. 'യവനിക'യിലൊക്കെ അഭിനയിച്ചിട്ടുണ്ട്. പറ്റുമെങ്കില്‍ ചെറിയൊരു വേഷം നല്‍കണം.'' മോഹന്ജോസിനെ മനസ്സില്‍ക്കണ്ടാണ് ഗോമസിന്റെ ലെഫ്റ്റനന്റിനെ സൃഷ്ടിച്ചത്. എന്നാല്‍ പിന്നീടൊരു സംശയം. രണ്ട് ലെഫ്റ്റന്റുമാരായാലോ. തമ്പിയോട് കാര്യം പറഞ്ഞപ്പോള്‍ സമ്മതിച്ചു. അക്കാലത്താണ് പരസ്യകല ചെയ്യുന്ന ഗായത്രി അശോകന്റെ മുമ്പില്‍ ഒരാല്‍ബം വന്നത്. ഒരു കല്യാണത്തിന് പെണ്ണുകാണാന്‍ വരുന്ന വേഷത്തില്‍ അഭിനയിച്ച സുന്ദരന്റെ പടം അവന് ഞങ്ങള്‍ക്കു കാണിച്ചുതന്നു. ഫോട്ടോയില്‍ കണ്ടയാളുടെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. അയാളാണ് സുരേഷ്ഗോപി. മലയാളത്തിലെ അന്നത്തെ പ്രശസ്തരായ നടന്മാര് നിരസിച്ച വേഷമാണ് സുരേഷ്ഗോപിക്ക് കിട്ടിയത്.

ലാല്‍ അഭിനയിച്ചാല്‍ ക്ലിക്കാകുമോ എന്ന സംശയം വിതരണക്കാര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ പടം ഏറ്റെടുക്കാന്‍ മടിച്ചു. അക്കാലത്തെ തമ്പിയുടെ ആത്മവിശ്വാസമാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. തമ്പി ലാലിനു വേണ്ടി ഉറച്ചു നിന്നു. വിതരണത്തിന് ആളെക്കിട്ടാതെ വന്നപ്പോള്‍ ജോഷി ഇടപെട്ടു. ജോഷിയുടെ ശിപാര്‍ശയില്‍ ജൂബിലി പടം ഏറ്റെടുത്തു. ആന്റിഹീറോസിന് ആരാധകരുള്ള കാലമാണന്ന്. അടിയന്തിരാവസ്ഥക്കാലത്ത് ഹാജി മസ്താനെയും യൂസഫ് പട്ടേലിനെയും ഇന്ദിരാഗാന്ധി അറസ്റ്റ്ചെയ്യിച്ചു. അവരുടെ ജീവിതം ഭാവനചേര്‍ത്ത് ഹിന്ദിയിലെടുത്ത 'ദീവാര്‍' വന്‍ഹിറ്റായിരുന്നു. ദീവാര്‍, ദി.ദാമോദരന്‍ മാഷുടെ രാഷ്ട്രീയ സിനിമകള്‍, ഐ.വി.ശശിജോണ്പോള് ടീമിന്റെ 'അതിരാത്രം' എന്നിവയുടെ പാറ്റേണ്‍ അനുകരിച്ചാണ് 'രാജാവിന്റെ മകന്' എഴുതിയത്. രാഷ്ട്രീയത്തെക്കുറിച്ച് അന്ന് വലിയ അറിവൊന്നും എനിക്കില്ല. ദാമോദരന്‍ മാഷെ കണ്ടിട്ടുപോലുമില്ല. മാഷുടെ ഡയലോഗ് എഴുതുന്ന രീതി അനുകരിച്ചുണ്ടാക്കിയതാണ് ആ സിനിമ. രാജാവിന്റെ മകന്റെ പ്രമേയം മനസില്‍ വന്ന സമയത്താണ് എന്റെ കസിന് രാജന് (നടന് ജോസ്പ്രകാശിന്റെ മകന്) ഒരു തിരക്കഥയെഴുതാന്‍ എന്നെ സമീപിച്ചത്. രണ്ടു കഥകള്‍ അവനെ കേള്‍പ്പിച്ചു. രണ്ടും രാജന് ഇഷ്ടപ്പെട്ടു. അവനതുമായി ജോത്സ്യനെ സമീപിച്ചു.
''രണ്ടാമത്തെ കഥയായിരിക്കും നല്ലത്.'' അതാണ് 'ആയിരം കണ്ണുകള്‍' എന്ന സിനിമയായത്. ജോത്സ്യന് വലിയ അഭിപ്രായമില്ലാത്ത ആ കഥയാണ് 'രാജാവിന്റെ മകന്'. ഒരേ സമയത്തായിരുന്നു രണ്ടു സിനിമകളുടെയും ഷൂട്ടിംഗ്. ലൊക്കേഷന്‍ കൊച്ചി. കലൂരില്‍ ഇപ്പോള്‍ പി.വി.എസ്.ഹോസ്പിറ്റലിന്റെ സ്ഥാനത്ത് അന്ന് കല്‍പ്പക ടൂറിസ്റ്റ്ഹോമാണ്. അവിടെയിരുന്നാണ് രണ്ടിന്റെയും തിരക്കഥയെഴുത്ത്. താരങ്ങളും അണിയറപ്രവര്‍ത്തകരും തങ്ങുന്നതും ആ ഹോട്ടലിലാണ്. രാവിലെ രണ്ട് സിനിമകളുടെയും അസിസ്റ്റന്റുമാര്‍ വരും, തിരക്കഥ വാങ്ങിക്കാന്‍. ഒരു ദിവസം 'രാജാവിന്റെ മകന്റെ' സ്ക്രിപ്റ്റെടുത്ത് 'ആയിരം കണ്ണുകളു'ടെ അസിസ്റ്റന്റിന് കൊടുത്തിട്ടുണ്ട്. ലൊക്കേഷനിലിരുന്ന് ജോഷി വിളിച്ചപ്പോഴാണ് തിരക്കഥ മാറിപ്പോയ വിവരമറിയുന്നത്. നിസ്സാരസമയം കൊണ്ടാണ് 'രാജാവിന്റെ മകന്' എഴുതിത്തീര്‍ത്തത്. 'ആയിരംകണ്ണുകള്‍'ക്ക് ഒരുപാടു സമയമെടുത്തു. 'രാജാവിന്റെ മകന്' സൂപ്പര്‍ഹിറ്റാവുകയും 'ആയിരം കണ്ണുകള്‍' ശ്രദ്ധിക്കപ്പെടാതെ പോയതും മറ്റൊരു ചരിത്രം.







Comments