
ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുന്ന ആമിര്‍ഖാന്റെ ദംഗല്‍ 300 ദശലക്ഷം ഡോളര്‍ നേടി 2016 ലെ ലോകത്തെ ഏറ്റവും പണം വാരിയ ചിത്രങ്ങളില്‍ മുപ്പതാം സ്ഥാനത്ത്. ചൈനയില്‍ ഉള്‍പ്പെടെ വന്‍ ഹിറ്റായി ചിത്രം മുന്നേറുമ്പോള്‍ ആമിര്‍ സിനിമയില്‍ നിന്നും നേടിയത് ഒരു ചെറിയ തുകയാണ്. ഹോളിവുഡ് താരം ജോണിഡെപ്പിന്റെ സിനിമയോട് ഗുസ്തിപിടിച്ചാണ് ആമിര്‍ചിത്രം മുന്നിലെത്തിയത്.
അടുത്തിടെ ചൈനയില്‍ റിലീസ് ചെയ്തപ്പോഴാണ് സിനിമയുടെ യഥാര്‍ത്ഥ മികവ് അറിഞ്ഞത്. ചൈനാക്കാരുടെ പ്രിയതാരമായി ആമിര്‍ മാറിയെന്ന് മാത്രമല്ല, സിനിമയെ പുകഴ്ത്തിയവരുടെ പട്ടികയില്‍ ചൈനീസ് പ്രസിഡന്റ് സീ ജിംഗ് പിംഗ് വരെയുണ്ട്. സിനിമ തനിക്ക് ഏറെ ഇഷ്ടമായെന്ന് സീ ജിംഗ് പിംഗ് നരേന്ദ്രമോഡിയെ വിളിച്ചു പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദംഗല്‍ മറ്റൊരു നാഴികക്കല്ല് കൂടി നേടിയത്്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ആഗോള പണംവാരി ചിത്രങ്ങളില്‍ മുപ്പതാമത്തേക്ക് കയറിയപ്പോള്‍ പിന്നിലായത് ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ പെടുന്ന ജോണി ഡെപ്പിന്റെ ആലീസ് ത്രൂ ദി ലുക്കിംഗ് ഗ്ളാസാണ്. 301 ദശലക്ഷം ഡോളറാണ് ദംഗല്‍ നേടിയതെങ്കില്‍ 299.5 ദശലക്ഷം ഡോളറാണ് ജോണിഡെപ്പിന്റെ സിനിമ നേടിയത്. ഒരു ഇന്ത്യന്‍ സിനിമ ഈ രീതിയില്‍ വിജയിക്കുന്നതും ഇതാദ്യമാണ്.
ചൈനയില്‍ സിനിമ 179.41 ദശലക്ഷം ഡോളറാണ് നേടിയത്. തായ്വാനില് ആറ് ദശലക്ഷം, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ 115.62 ദശലക്ഷം കൂടി നേടിയപ്പോള്‍ സിനിമ മൊത്തത്തില്‍ നേടിയത് 301.3 ദശലക്ഷം ഡോളറായി. ഇപ്പോഴും സിനിമ ബോക്സോഫീസില്‍ തരംഗമാണ്. ഈ രീതിയില്‍ പോയാല്‍ സിനിമ 2000 കോടി രൂപ ക്ളബ്ബിലേക്കും കയറും. ഇപ്പോള്‍ തന്നെ സിനിമ മൊത്തത്തില്‍ 1930 കോടി രൂപ നേടിയിട്ടുണ്ട്. അതേസമയം ദംഗലില്‍ നിന്നും ചെറിയ നേട്ടമേ ആമിര്‍ ഉണ്ടാക്കിയിട്ടുള്ളൂ.
വിദേശ സ്റ്റുഡിയോകള്‍ക്ക് ചൈനാ സര്‍ക്കാര്‍ ബോക്സ്ഓഫീസ് വരുമാനത്തിന്റെ 25 ശതമാനമാണ് നല്‍കിയത്. അതായത് ഇതിലൂടെ തന്നെ ആമിറിന് നല്‍കിയത് ഒഴിച്ചാല്‍ സ്റ്റുഡിയോ യുടിവി ഡിസ്നി 275 കോടിയുണ്ടാക്കി. ചൈനയില്‍ നാലു സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് അനുമതി കിട്ടിയിട്ടുള്ളത്. അതിലൊന്ന് ബാഹുബലി 2 ആണ്. ചിത്രം ഉടന്‍ ചൈനയില്‍ പ്രദര്‍ശനത്തിനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.






