
മന്ത്രതന്ത്രാദികള്‍ അടിസ്ഥാനരഹിതമെന്നാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്. എന്നാല്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ ശരിയാണെന്നും അതിന് ശക്തിയുണ്ടെന്നും വിശ്വസനീയമായ രീതിയില്‍ തെളിയിക്കാനായാല്‍ കിട്ടുന്നത് ഒരു കോടി. വെല്ലുവിളി ഗുജറാത്തില്‍ ഗോധ്ര അടിസ്ഥാനപ്പെടുത്തിയുള്ള ഒരു യുക്തിവാദി സംഘത്തിന്റേതാണ്. മത്സരിക്കാന്‍ എത്തുന്നവര്‍ക്ക് മുന്നില്‍ സംഘത്തിന്റെ ഒരേയൊരു നിബന്ധന ആദ്യം ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന് മാത്രമാണ്. വിജയിച്ചാല്‍ സമ്മാനത്തുകയ്ക്ക് പുറമേ ഈ ഡെപ്പോസിറ്റു കൂടി ലഭ്യമാകും.
സമൂഹത്തിനിടയില്‍ നില നില്ക്കുന്ന അന്ധവിശ്വാസങ്ങള്‍ അടിസ്ഥാനരഹിതം ആണെന്ന് തുറന്നു കാട്ടുന്നതിനാണ് വെല്ലുവിളിയെന്നാണ് ഹ്യൂമന്‍ റാഷണലിസ്റ്റ് അസോസിയേഷന് പറയുന്നത്. 1965 ല്‍ സംഘടന രൂപീകരിച്ചപ്പോള്‍ തുടങ്ങിയതാണ് സമ്മാനം. ആദ്യം ഒരു ലക്ഷമായിരുന്ന സമ്മാനം വര്‍ദ്ധിച്ച് വര്‍ദ്ധിച്ചാണ് ഇപ്പോള്‍ ഒരു കോടിയായി മാറിയത്. അതേസമയം സമ്മാനം രൂപീകരിച്ച ശേഷം വെല്ലുവിളി ഏറ്റെടുക്കാന്‍ വന്നത് വെറും രണ്ടു പേരാണ്. രണ്ടുപേരും പരാജയപ്പെടുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് തുക ഒരു കോടിയാക്കിയത്. ഇതിനൊപ്പം മത്സരിക്കാന്‍ വരുന്നവര്‍ ഒരു കോടി നിക്ഷേപിക്കണമെന്ന വ്യവസ്ഥയും കൊണ്ടുവന്നു. അത്ഭുതം നടത്താന്‍ കഴിയുന്നവര്‍ ആദ്യം ഒരു ലക്ഷം രൂപ നിക്ഷേപിക്കണം. മത്സരത്തില്‍ വിജയിച്ചാല്‍ അയാള്‍ക്ക് ഒരു കോടിക്കൊപ്പം ആദ്യം നിക്ഷേപിച്ച ഒരു ലക്ഷം രൂപയും കിട്ടും. 2003 ല്‍ അഹമ്മദാബാദില്‍ നിന്നും രശ്മീകാന്ത് ഷാ എന്നയാളാണ് വെല്ലുവിളി അവസാനം സ്വീകരിച്ചത്. എന്നാല്‍ തന്റെ അതിന്ദ്രീയ ശക്തി കാണിക്കുന്നതില്‍ ഇയാള്‍ പരാജയപ്പെട്ടു. അതിന് ശേഷം ആരും ഇതുവരെ വന്നിട്ടില്ല.






