
വാഷിങ്ടണ്‍ : ഖത്തറിലേയ്ക്കുള്ള വ്യോമഗതാഗതം നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കയോട് യുഎഇ. അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫലി ഒത്താത്ബയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നയതന്ത്ര പ്രശ്നങ്ങളെ തുടര്‍ന്നാണ് യുഎഇ ഖത്തറിനെതിരായ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളാണ് ദോഹയിലേയ്ക്കും തിരിച്ചും ഉള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് സൗദിയ്ക്ക് പുറമേ യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത്, യമന്‍ എന്നീ രാജ്യങ്ങളിലെ വിമാനക്കമ്പനികളും ഖത്തറിലേയ്ക്കുള്ള സര്‍വീസ് നിര്‍ത്തുകയായിരുന്നു.






