
ദോഹ : ഖത്തര്‍ നയതന്ത്ര പ്രതിസന്ധിയ്ക്കു പിന്നാലെ ഗള്‍ഫില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്. ഖത്തര്‍ വിദേശത്തുള്ള അവരുടെ സൈനികരെ തിരിച്ചുവിളിച്ചുവെന്നാണ് അവിടെ നിന്നും ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. ഖത്തറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള ഈ അപ്രതീക്ഷിത നടപടി വിവിധ തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
അയല്‍രാജ്യങ്ങളുമായി പ്രശ്നം നിലനില്ക്കുമ്പോള് സൈന്യത്തിന്റെ ഓരോ നീക്കവും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. അതു തന്നെയാണ് ഖത്തറിന്റെ കാര്യത്തിലും നടക്കുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയിലും എരിത്രിയയിലും ഖത്തറിന്റെ സൈനികരുണ്ട്. ഇരുരാജ്യങ്ങളും ഏറെ കാലമായി അതിര്‍ത്തി തര്‍ക്കത്തിലാണ്. സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഈ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചത്. ഇപ്പോഴിതാ ഇരു രാജ്യങ്ങളിലുമുള്ള സൈനികരെ ഖത്തര്‍ അപ്രതീക്ഷിതമായി തിരിച്ചു വിളിപ്പിച്ചിരിക്കുകയാണ്. എന്താണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നില്‍ എന്നതിന് ഖത്തര്‍ വിശദീകരണം നല്‍കിയിട്ടില്ല.
സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുമായി നയതന്ത്ര യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഖത്തറിന്റെ നടപടി ദുരൂഹമായാണ് അയല്‍രാജ്യങ്ങള്‍ കാണുന്നത്.






