തൃശൂര്‍: മകള്‍ക്ക് ആഡംബര വിവാഹം നടത്തിയ സംഭവത്തില്‍ ഗീത ഗോപി എം.എല്‍.എയെ സി.പി.ഐ താക്കീത് ചെയ്തു. സി.പി.ഐ തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവാണ് എം.എല്‍.എയെ താക്കീത് ചെയ്തത്. ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്സിക്യൂട്ടീവ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് താക്കീത്.
ഗീത ഗോപി എം.എല്‍.എ മകളുടെ വിവാഹം അത്യാഡംബര പൂര്‍വം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ ലക്ഷങ്ങളുടെ ആഭരണങ്ങളണിഞ്ഞ് നില്ക്കുന്ന ഗീത ഗോപിയുടെ മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാഹം വിവാദമായത്.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നടന്ന വിവാഹത്തിനെതിരെ സി.പി.ഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് താക്കീത് ചെയ്തത്. അതേസമയം ഗീത ഗോപിയെ ന്യായീകരിച്ച് സി.എന്‍ ജയദേവന് എം.പി രംഗത്ത് വന്നിരുന്നു. പരിപ്പുവട കട്ടന്‍ചായ കാലം കഴിഞ്ഞുവെന്നായിരുന്നു ജയദേവന്റെ പ്രസ്താവന.






