
മോസ്കോ : ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദി റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. സിറിയയിലെ റഖയില്‍ നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാഗ്ദാദിക്കൊപ്പം നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് സൂചന.
റഖയില്‍ നടന്ന ഐഎസ് യോഗത്തെ ലക്ഷ്യമാക്കി ആയിരുന്നു റഷ്യയുടെ വ്യോമാക്രമണം. ഈ യോഗത്തില്‍ ബാഗ്ദാദി പങ്കെടുത്തിരുന്നു. അല്‍ ബാഗ്ദാദിയ്ക്ക് ഒപ്പം 330 തീവ്രവാദികളും കൊല്ലപ്പെട്ടിരിക്കാമെന്നാണ് വെളിപ്പെടുത്തല്‍. കൂടുതല്‍ വ്യക്തത വരുത്താനായി റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
ബാഗ്ദാദി കൊല്ലപ്പെട്ടതായി മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആ വാര്‍ത്തകളൊക്കെ നിഷേധിച്ച് ബാഗ്ദാദിയുടെ ശബ്ദരേഖ ഐഎസ് പുറത്തു വിട്ടിരുന്നു. 2014 ജൂണിലാണ് ബാഗ്ദാദി പൊതുചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അവസാനമായി പുറത്തുവന്നത്. ഇറാഖിലെ മൊസൂളില്‍ സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്.






