
തിരുവനന്തപുരം: കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപിയുടെ തിളക്കത്തില്‍ പ്രഭ മങ്ങിപ്പോയെന്ന് നിസ്സംശയം പറയാമെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസ് കരുത്തില്‍ തന്നെയാണെന്ന് പാര്‍ട്ടി നേതൃത്വം. അംഗസംഖ്യ 25 ലക്ഷമാക്കാനുള്ള ശ്രമം പാര്‍ട്ടിക്ക് സമ്മാനിച്ചത് 33.79 ലക്ഷം പേരെയെന്നാണ് ഡിസിസികളില്‍ നിന്നുള്ള അംഗത്വ സംഖ്യയുടെ പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് വീണ്ടും മെമ്പര്‍ഷിപ്പ് സ്ളിപ്പ് വിതരണം നടത്തുന്നത്. 2008-09 ല്‍ അംഗത്വ വിതരണത്തില്‍ കിട്ടിയത് 14.88 ലക്ഷം പേരെയായിരുന്നു. ഇത്തവണ പത്തുലക്ഷം പേരെ കൂടി കൂട്ടാന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങിയതെങ്കിലും അതിന്റെ ഇരട്ടി അംഗങ്ങളെ കിട്ടുകയായിരുന്നെന്നും പുതിയ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കുടുംബസംഗമം നടത്തുമെന്നും പ്രസിഡന്റ് എംഎം ഹസന് പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പാര്‍ട്ടി അംഗത്വ വിതരണം നടത്തിയത്. ജില്ല തിരിച്ചുള്ള അംഗങ്ങളുടെ എണ്ണം: തിരുവനന്തപുരം-4,76,675, കൊല്ലം-3,27,150, പത്തനംതിട്ട-1,37,550, ആലപ്പുഴ-2,22,437, ഇടുക്കി- 1,12,075, കോട്ടയം-2,25,125, എറണാകുളം-4,55,040, തൃശ്ശൂര്‍-3,48,503, പാലക്കാട്-2,56,425, മലപ്പുറം-2,38,350, കോഴിക്കോട്-2,61,458, വയനാട്-78,235, കണ്ണൂര്‍-1,67,207, കാസര്‍കോട്-73,664 എന്നിങ്ങനെയാണ്. ബൂത്തുതല തിരഞ്ഞെടുപ്പ് ഓഗസ്റ്റിലേക്കാണ് ക്രമീകരിച്ചിരിക്കുന്നത്.






