
ന്യൂഡല്ഹി: രാജ്യാന്തര യോഗ ദിനാചാരണത്തില് ഡല്ഹിയില് തീവ്രവാദ ഭീഷണിയും. ലണ്ടനിലും ഫ്രാന്സിലും അടുത്തകാലത്തുണ്ടായ ഭീകരാക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തില് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് പോലീസ് ഒരുക്കിയത്. യോഗ ആചരണത്തില് പങ്കെടുക്കാന് വിഐപികളും കേന്ദ്രമന്ത്രിമാരും എത്തുന്നതിനാല് അതീവ ജാഗ്രതയാണ് പോലീസ് പാലിച്ചത്.
നൂറുകണക്കിന് പോലീസുകാരെയാണ് സുരക്ഷ ഒരുക്കുന്നതിനായി നിയോഗിച്ചിരുന്നത്. പല റൂട്ടുകളിലും ഗതാഗതം വഴിതിരിച്ചുവിട്ടു. റോഡുകളില് ബാരിക്കേഡുകള് സ്ഥാപിച്ചും വാഹനങ്ങള് വിശദമായി പരിശോധിച്ച ശേഷവുമാണ് കടത്തിവിട്ടത്.
ഡല്ഹില് ഏറ്റവും വലിയ യോഗ സമ്മേളനം നടന്ന കോണാട്ട് പ്ലേസിന്റെ പ്രവേശന കവാടത്തില് കാലിയായ ബസുകള് ഉപയോഗിച്ചാണ് പോലീസ് ബാരിക്കേഡ് തീര്ത്തത്. കാല്നടക്കാര്ക്ക് നടന്നുപോകാന് ഇരിഞ്ചു സ്ഥലം പോലും നല്കാതെയായിരുന്നു സുരക്ഷാ വലയം തീര്ത്തത്. മൂന്നു തലങ്ങളിലുള്ള സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നു.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, വിജയ് ഗോയല്, ഡല്ഹി ലഫ്.ഗവര്ണര് അനില് ബെയ്ജാല്, ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്ത്ഥി രാം നാഥ് കോവിന്ദ് തുടങ്ങിയവരാണ് ഡല്ഹിയില് യോഗയില് പങ്കെടുത്ത പ്രമുഖര്. കോണാട്ട് പ്ലേസിനു പുറമേ ലോധി ഗാര്ഡന്, നെഹ്റു പാര്ക്ക്, തല്കതോറ ഗാര്ജന്, ഇന്ത്യ ഗേറ്റ്, രാംലീല മൈതാന് എന്നിവിടങ്ങളിലാണ് വിപുലമായ ചടങ്ങുകള് നടത്തിയിരുന്നത്.







Comments