
കഥകള്‍ മനസ്സില്‍ പെരുമഴ പോലെ പെയ്തിറങ്ങുന്നത് ഒരനുഭവം തന്നെയാണ് ജീവിതയാത്രയിലെ കാഴ്ചകളിലും പരിചയപ്പെടലുകളിലും സംഭവിക്കുന്ന ചെറിയൊരു സ്പാര്‍ക്ക് പോലും നല്ലൊരു കഥയ്ക്ക് ഇതിവൃത്തമായി മാറിയിട്ടുണ്ട്.
കുലംകഷമായി ചിന്തിക്കാതെ അപ്രതീക്ഷിതമായി മനസ്സിലേക്ക് കടന്നുവരുന്ന ചില കഥാംശങ്ങള്‍ സിനിമയിലും വിജയം നേടിയിട്ടുണ്ട്. ചിരിയും ചിന്തയുമുണര്‍ത്തുന്ന കഥകള്‍ക്കായിരുന്നു ഒരു ഘട്ടത്തില്‍ ഡിമാന്റുണ്ടായിരുന്നത്.
മലയാളസിനിമയിലേക്ക് കടന്നുവരുന്ന പ്രതിഭയുള്ള രണ്ടു ചെറുപ്പക്കാരാണ് സംവിധായകന് അരുണ്‍ ജോര്‍ജ് കെ. ഡേവിഡും തിരക്കഥാകൃത്ത് സാഗര്‍ സത്യനും. ഹ്യൂമറിന് പ്രാധാന്യം നല്കി ഇവര്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലഡ്ഡു.
നടന് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ ബാര്‍ ഫിലിംസ് മലയാളത്തില്‍ മൂന്നു സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിവിന്‍ പോളിയെ നായകനാക്കി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്, അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനായ തരംഗം, അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സംവിധാനം ചെയ്യുന്ന വിനയ് ഫോര്‍ട്ട് നായകനാവുന്ന ലഡു. ഈ മൂന്നു ചിത്രങ്ങളെയും നിര്‍മ്മാതാവായ ധനുഷിന്റെ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ധാരാളം സുഹൃത്തുക്കളുടെ സാമീപ്യമുള്ള രജിസ്റ്റര്‍ മാര്യേജിന്റെ വിവിധ വശങ്ങളാണ് ലഡുവെന്ന ചിത്രം പ്രധാനമായും ചിത്രീകരിക്കുന്നത്.
തൃശൂരിലെ മുളങ്കുന്നത്തുകാവിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ഓഫീസിന്റെ ഭാഗത്താണ് ലഡുവിന്റെ ചിത്രീകരണം നടന്നത്. വിനയ് ഫോര്‍ട്ട്, ബാലുവര്‍ഗീസ്, പാഷാണം ഷാജി, മനോജ് ഗിന്നസ് എന്നിവരുടെ സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രത്തില്‍ ഭൂരിഭാഗവും പുതുമുഖ ടെക്നീഷ്യന്മാരാണുള്ളത്.
രാജീവ് രവിയുടെ ചിത്രത്തില്‍ ക്യാമറ അസിസ്റ്റന്റായിട്ടാണ് സംവിധായകന് അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സിനിമയിലെത്തിയത്. പിന്നീട് സുവിഷ് പപ്പുവിന്റെ കൂടെയും ക്യാമറ അസോസിയേറ്റായിരുന്നു. മസാല റിപ്പബ്ലിക് എന്ന ചിത്രത്തിന് വേണ്ടി സ്ക്രിപ്റ്റ് എഴുതിയിട്ടുള്ള അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സിനിമയെന്തെന്ന് പഠിച്ചതിനു ശേഷമാണ് ലഡുവിലൂടെ സംവിധായകനാവുന്നത്. ആദ്യചിത്രമെന്ന നിലയില്‍ ഓരോ സീനുകളും വളരെയധികം ശ്രദ്ധയോടെയാണ് ചിത്രീകരിക്കുന്നത്.
ലഡുവിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന സാഗര്‍ സത്യന് രഞ്ജന്‍ പ്രമോദിന്റെ ചിത്രത്തില്‍ അസി. ഡയറക്ടറായാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് വൈ.വി. രാജേഷ്, ഗോപാല്‍ജി എന്നിവരോടൊപ്പം സ്ക്രിപ്റ്റ് അസിസ്റ്റന്റായിരുന്നു.
നമ്മുടെ നാട്ടില്‍ രജിസ്റ്റര്‍ മാര്യേജ് നടത്തുകയെന്നത് വല്ലാത്തൊരു ടെന്‍ഷന്‍ തന്നെയാണ്. ചെക്കന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ എതിര്‍പ്പുമായി മുന്നില്‍ നില്ക്കുമ്പോള് രജിസ്റ്റര്‍ മാര്യേജില്‍ പലപ്പോഴും സഹായികളായി മുന്നില്‍ നില്‍ക്കുന്നത് സുഹൃത്തുക്കള്‍ തന്നെയാണ്. രജിസ്റ്റര്‍ മാര്യേജിലൂടെ രണ്ടു കുടുംബങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങള്‍, ചിലരുടെ ഈഗോ ഇതെല്ലാം ചിന്തിച്ചിരുന്നു. അങ്ങനെയാണ് രജിസ്റ്റര്‍ മാര്യേജുമായി ബന്ധപ്പെട്ട ഒരു മുഴുനീള ചിത്രമൊരുക്കാനുള്ള സ്ക്രിപ്റ്റ് ഞാന്‍ തയാറാക്കിയത്.
നാട്ടിലെ സ്വല്സ്വഭാവിയായ ചെറുപ്പക്കാരനാണ് വിനു. ജീവിതത്തില്‍ എന്തെങ്കിലും സാഹസികമായ കാര്യങ്ങള്‍ ചെയ്യണമെന്ന മോഹം വിനുവിനുണ്ടായിരുന്നു. എസ്.കെ., രാഹുല്‍, ഇട്ടൂപ്പേട്ടന്, ലൗലേന്, ലഡു മണി എന്നിവരാണ് വിനുവിന്റെ ചങ്ങാതിമാര്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഏയ്ഞ്ചലിന് എന്ന പെണ്‍കുട്ടിയുമായി വിനു പ്രണയത്തിലാവുന്നു. ചുരുങ്ങിയ മാസത്തെ പ്രണയത്തിലൂടെ വിട്ടുമാറാനാവാത്ത വിധം ഇരുവരും അടുക്കുന്നു. അങ്ങനെ രജിസ്റ്റര്‍ മാര്യേജ് നടത്താന്‍ വിനുവും ഏയ്ഞ്ചലിനും തീരുമാനിക്കുന്നു. രണ്ടു വീട്ടുകാരും ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ക്കുകയാണ്. ഏയ്ഞ്ചലിനിന്റെ അമ്മാവന് പോലീസ് ഓഫീസര്‍കൂടിയാണ്.
രജിസ്റ്റര്‍ മാര്യേജിന്റെ കാര്യം വിനു ചങ്ങാതിമാരോട് പറഞ്ഞു. അങ്ങനെ സുഹൃത്തുക്കളായ എസ്.കെ.യുടെയും രാഹുല്‍ ഇട്ടൂപ്പേട്ടന്, ലൗലേന്, ലഡുമണി എന്നിവരുടെയും സഹായത്തോടെ രജിസ്റ്റര്‍ ഓഫീസില്‍ വിനുവും ഏയ്ഞ്ചലീനും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ ഓഫീസില്‍ എത്തിയതോടെ ലഡുവിന്റെ കഥ രസകരമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിനുവായി വിനയ്ഫോര്‍ട്ടും എസ്.കെ.യായി ശബരീഷും രാഹുലായി ബാലു വര്‍ഗീസും ലൗലേനായി മനോജ് ഗിന്നസും ഇട്ടൂപ്പേട്ടനായി പാഷാണം ഷാജിയും ലഡു മണിയായി ജിന്റോയും അഭിനയിക്കുന്നു. നായികയായ ഏയ്ഞ്ചലീനയായി പുതുമുഖം സൂര്യഗായത്രിയും അഭിനയിക്കുന്നു. സാജു നവോദയ, വിജോ വിജയകുമാര്‍, ദിലീഷ് പോത്തന്, ഷറഫുദ്ദീന്, സുര്‍ജിത്ത് ഗോപിനാഥ്, നിഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- മിനി സ്റ്റുഡിയോ വണ്ടര്‍ബാര്‍ സ്റ്റുഡിയോ, നിര്‍മ്മാണം- വിനോദ്, സംവിധാനം- അരുണ്‍ ജോര്‍ജ് കെ. ഡേവിസ്, രചന- സാഗര്‍ സത്യന്, ക്യാമറ- ഗൗതം ശങ്കര്‍, സംഗീതം- രാജേഷ് മുരുകേശന്, എഡിറ്റിംഗ്- ലാല്‍ കൃഷ്ണ, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ പ്രൊഡക്്ഷന്‍ കണ്ട്രോളര്, ദീപക് പരമേശ്വരന്, ഗാനരചന- ശബരീഷ് വര്‍മ്മ, ചമയം- അര്‍ഷാദ് വര്‍ക്കല, വസ്ത്രം- സ്റ്റെഫി സേവ്യര്‍, കല- സുഭാഷ് കരുണ്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുകുമാര്‍ തെക്കേപ്പാട്ട്, കൊറിയോഗ്രാഫി- ഇംത്യാസ് അബൂബക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രണീഷ്, സഹസംവിധാനം- അര്ജുന് അജയ്, അമൃത, അഖില്‍, ബിജോണ്‍ കെ. വിനോദ്, പ്രതീഷ് രെമ, സ്മിനിന് സെബാസ്റ്റിയന്, നിഥിന് പട്ടാമ്പി, സെക്കന്റ് യൂണിറ്റ് ഡയറക്ടര്‍- ശിവപ്രസാദ്, ക്യാമറ അസോസിയേറ്റ്- സിജോയ് ജോയ്, സെക്കന്റ് യൂണിറ്റ് ക്യാമറ- ഷൈസ് പൗലോസ്, ക്യാമറ അസിസ്റ്റന്റ്- സോണ്‍ പോള്‍, ആല്ബിന് ആന്റോ, ആര്‍ട്ട് അസി.- അജി, സ്റ്റാന്‍ലി, സേവ്യര്‍, ശ്രീനാഥ്, ഫവസ്, സ്പോട്ട് എഡിറ്റര്‍- ആനന്ദ്, മെയ്ക്കിംഗ് വീഡിയോ- കിരണ്‍ സന്തോഷ്, പ്രഭാകര്‍, സ്റ്റില്‍സ്- ശ്രീനാഥ്, പി.ആര്.ഒ. എ.എസ്. ദിനേശ്.