
ജിഎസ്ടി എത്തുന്നതോടെ ചെറു വാഹനങ്ങള്‍ എല്ലാവരും വില കുറച്ചു തുടങ്ങി. ജുലായ് ഒന്നു മുതല്‍ വില കുറയ്ക്കുന്നവരുടെ കൂട്ടത്തില്‍ വാഹനങ്ങളുടെ വില കുറയ്ക്കാനൊരുങ്ങുകയാണ് ഹോണ്ടയും. ഹോണ്ടയുടെ വിവിധ മോഡലുകള്‍ക്ക് 3 മുതല്‍ 5 ശതമാനം വരെയാണ് വിലകുറയ്ക്കുന്നത്.
ബജാജ് ഓട്ടോയും, ഐഷര്‍ മോട്ടോര്‍സിന് കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡും നേരത്തെ വില വെട്ടിക്കുറച്ചിരുന്നു. ഹോണ്ടയുടെ ജനപ്രീയ മോഡലായ ആക്ടീവയ്ക്കും യുണിക്കോണിനുമാകും വില കുറയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ചയാണ് ബജാജ് മോഡലുകള്‍ക്ക് 4500 രൂപ വരെ കമ്പനി വെട്ടിക്കുറച്ചത്. ഹീറോ, ടിവിഎസ് മോട്ടോര്‍സ്, യമഹ, സുസൂക്കി ഉള്‍പ്പെടുന്ന മറ്റു നിര്‍മ്മാതാക്കളും ജൂലായ് ഒന്ന് മുതല്‍ മോഡലുകളുടെ വില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, 350 സിസി എഞ്ചിന് ശേഷിക്ക് മുകളിലുള്ള ടൂവീലറുകളുടെ വില ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ വര്‍ധിക്കും. റോയല്‍ എന്‍ഫീല്‍ഡിന് ഒപ്പം, പ്രീമിയം മോട്ടോര്‍സൈക്കിളായ കെടിഎമ്മുകളുടെയും വില വര്‍ധിക്കുന്നതിന് ഇത് കാരണമാകും. നിലവില്‍ ജൂലായ് ഒന്നിന് മുമ്പ് തന്നെ പഴയ സ്റ്റോക്ക് വിറ്റ് തീര്‍ക്കാനുള്ള തിരക്കിലാണ് ഡീലര്‍ഷിപ്പുകള്‍.






