
പവിത്രമായ മുപ്പതു നാളുകള്‍ക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് അനുഗ്രഹത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെട്ട, പുണ്യങ്ങളുടെ വസന്തം പെയ്തിറങ്ങുന്ന ഈദുല്‍ ഫിത്തര്‍ ആഗതമായി. മനസ്സില്‍ ദൈവ സങ്കീര്‍ത്തനങ്ങളും നാവില്‍ സ്തോത്രങ്ങളും ഉരുവിട്ട ഒരു മാസക്കാലം.
പെരുന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ നിഷ്കളങ്കത നിറഞ്ഞ കുട്ടിക്കാലവും , അന്നത്തെ പെരുന്നാള്‍ രാവുകളും പെരുന്നാളുകളും ഒക്കെയാണ് ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നത്. മാതാപിതാക്കള്‍ , സഹോദരങ്ങള്‍ ,കൂട്ടുകാര്‍ ഇവരോടൊത്തു പെരുന്നാള്‍ ആഘോഷിക്കുന്നതിലാണ് ഞാന്‍ ആനന്ദം കണ്ടെത്തിയിരുന്നത് . ബാല്യത്തിലെ നോമ്പിന്റെയും പെരുന്നാളിന്റെയും മാധുര്യവും ആവേശവും ഒന്ന് മുതിര്‍ന്നതിനു ശേഷം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല . ഇരുപത്തിയൊന്‍പത് നോമ്പ് കഴിഞ്ഞാല്‍ പിന്നെ പെരുന്നാള്‍ ആയോ എന്നറിയാന്‍ കാതോര്‍ത്തിരിപ്പാണ്.
പെരുന്നാളിന്റെ പ്രഖ്യാപനം വന്നാല്‍ തക്ബീറിന്റെ മന്ത്രാധ്വനികളായിരിക്കും കാതുകളില്‍. പള്ളികളില്‍ നിന്നുള്ള തക്ബീറിന്റെ നാദം പരിസരങ്ങളില്‍ മുഴങ്ങുമ്പോള്‍ എന്നെന്നില്ലാത്ത സന്തോഷമാണ്.
നല്ല ഈണത്തിലാണ് ഉമ്മയും വല്യമ്മമാരും തക്ബീര്‍ ചെല്ലി തരുക. ഞങ്ങള്‍ അതേറ്റു ചൊല്ലും. ഫിത്വ്ര് സകാത്തിന്റെ അരിയുമായി സഹോദരന്മാര് പോകുമ്പോള്‍ ഉമ്മയും ഇത്താത്തമാരും അമ്മിക്കല്ലില്‍ അരച്ചെടുത്ത മൈലാഞ്ചി കുട്ടികളെ അണിയിക്കാനുള്ള ഒരുക്കത്തിലാകും. മൈലാഞ്ചി അണിഞ്ഞാണ് ഞങ്ങളുടെ ഉറക്കം . വീട്ടിലെ അംഗങ്ങള്‍,എല്ലാവരും ബിരിയാണിക്ക് വേണ്ട ചേരുവകകള്‍ അരിഞ്ഞു പലഹാരങ്ങളും ഉണ്ടാക്കി കഴിഞ്ഞു ഞങ്ങളെ ഉണര്‍ത്തും. കൈകളില്‍ വെളിച്ചെണ്ണ പുരട്ടി മൈലാഞ്ചി അടര്‍ത്തി മാറ്റും. മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചും മൈലാഞ്ചിയുടെ ആ സുഗന്ധവും കിട്ടുമ്പോഴാണ് പെരുന്നാള്‍ പൂര്‍ണ്ണമാകുന്നത്. പിന്നെ കുളിപ്പിച്ച് പുത്തന്‍ ഉടുപ്പിട്ട് ബാപ്പയും ആങ്ങളമാരും അളിയന്മാരും പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും വരുന്നതും കാത്തു നില്ക്കും. അവര്‍ വന്നു കഴിഞ്ഞാല്‍ എല്ലാവരെയും ആലിംഗനം ചെയ്ത് പരസ്പരം ആശംസകള്‍ അര്‍പ്പിച്ചു പെരുന്നാള്‍ പൈസയും നല്‍കിയാണ് പിരിയുന്നത്.
പത്തിരിയും ബീഫ് കറിയും ആയിരിക്കും പ്രാതലിനു ഒരുക്കുക. എല്ലാവരും ഒന്നിച്ചിരുന്ന് പ്രാതല്‍ കഴിക്കും. എന്നത്തേക്കാളും രുചിയായിരിക്കും അന്നത്തെ പ്രാതലിന്. ഉച്ച ഭക്ഷണം കഴിഞ്ഞു ബന്ധു ഗൃഹങ്ങളിലേക്ക് ഒരു സന്ദര്‍ശനം നടത്തും. തിരികെ വന്ന് എല്ലാവരും ഒരുമിച്ചിരുന്ന് വര്‍ത്തമാനങ്ങളും കളിചിരിയുമൊക്കെയായി പെരുന്നാള്‍ ദിനം സന്തോഷത്തില്‍ അവസാനിക്കും കുറെ വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നതിനാല്‍ ഇത്തരം സന്തോഷ ദിനങ്ങള്‍ ഓര്‍മ്മകളില്‍ മാത്രം. ഈ ജീവിതത്തിനിടയില്‍ മാതാപിതാക്കളും വല്യമ്മമാരും ഒരു ഓര്‍മ്മ മാത്രമായി. ജീവിക്കാനും ജീവിപ്പിക്കാനും വേണ്ടി പാടുപെടുന്ന പ്രവാസികള്‍ , വിങ്ങലും വിതുമ്പലും ഉള്ളിലൊതുക്കി മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ജീവിക്കുന്നവരാണ്.വേദനകള്‍ക്കും ദുഃഖങ്ങള്‍ക്കും മറയിട്ടു കൊണ്ട് പ്രവാസികള്‍ അല്പം സന്തോഷത്തിന് വേണ്ടി ഒത്തു ചേരാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധങ്ങളായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന സഹജീവികളെ നാം മറക്കാതിരിക്കുക. പുണ്യ ദിനങ്ങളിലെ പ്രാര്‍ത്ഥനകളിലും ആഘോഷങ്ങളിലുമെല്ലാം നാം അവരെയും ഓര്‍ക്കുക.
എല്ലാവര്ക്കും നന്മയും സന്തോഷവും നിറഞ്ഞ ഈദാശംസകള്‍ .





