
ഏറെ കാത്തിരിപ്പിന് ശേഷം, ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ് കഴിഞ്ഞ ദിവസമാണ് പുതുതലമുറ പോളോ ഹാച്ച്ബാക്കിനെ രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചത്. ആറാം തലമുറ പോളോ തരംഗം തീരുംമുമ്പെ പുതിയ ഫോക്സ്വാഗണ് എസ്യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. പോളോയ്ക്ക് പിന്നാലെ ഫോക്സ്വാഗണ് നിരയില്‍ അവതരിപ്പിക്കുന്ന പുതിയ മോഡലാണ് ടി-റോക്ക്.
2014 ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ടി-റോക്ക് കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ പ്രകടമാണ്. ടൂ-ഡോര്‍ കൂപ്പെ ഡിസൈനില്‍ ഒരുങ്ങിയ കോണ്‍സെപ്റ്റ് മോഡലിന് പകരം സമകാലിക എസ്യുവി പരിവേഷമാണ് ടി-റോക്കിനുള്ളത്. ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സെപ്തംബറില്‍ നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് ടി-റോക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഫോക്സ്വാഗണ് ഗ്ലോബല്‍ നിരയില്‍ ടിഗ്വാനും ടോറഗിനും ഇടയിലാകും ടി-റോക്കിന്റെ സ്ഥാനം.
4179 എംഎം നീളവും 1831 എംഎം വീതിയും 1501 എംഎം ഉയരവുമുണ്ട്. മോഡുലര്‍ ട്രാന്സ്വേര്സ് മെട്രിക് പ്ലാറ്റഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. 1420 കിലോഗ്രാമില്‍ വാഹനത്തിന്റെ ഭാരം ഒതുക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച് വിവരങ്ങളെന്നും ലഭ്യമല്ല.
1.0 ലിറ്റര്‍, 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ മോഡലില്‍ ലഭിക്കുമെന്നാണ് സൂചന. 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളും ടി-റോക്കില്‍ ഇടംപിടിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന്, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളിലാകും ടി-റോക്ക് കടന്നെത്തുക. 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ വെച്ചാകും ടി-റോക്ക് എസ് യുവിയെ ഫോക്സ്വാഗണ് അവതരിപ്പിക്കുക. ഏകദേശം 16-22 ലക്ഷത്തിനുള്ളിലാകും വിപണി വില.






