
ശബരിമല : ശബരിമലയിലെ സ്വര്‍ണ്ണക്കൊടിമരത്തിന് കേടുവരുത്തിയ സംഭവം വഴിത്തിരിവിലേയ്ക്ക്. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്നു പേര് കൊടിമരത്തിലേയ്ക്ക് എന്തോ ദ്രാവകം ഒഴിക്കുന്നതായി വ്യക്തമായിട്ടുണ്ട്. സന്നിധാനത്തെ 'തത്വമസി' എന്ന് എഴുതിയിരിക്കുന്ന ക്യാമറ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇവരുടെ മുഖം വ്യക്തമല്ല.
അല്‍പ്പം തിരക്കൊഴിഞ്ഞ സമയത്ത് കൊടിമരത്തിന് സമീപമെത്തിര രണ്ടുപേരില്‍ ഒരാള്‍ എന്തോ സ്പ്രേ ചെയ്യുന്നതും ഒരാള്‍ കുപ്പി അടയ്ക്കുന്നതുമാണ് കണ്ടെത്തിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രായര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു. സ്ഥലത്തെ കൂടുതല്‍ കാമറകള്‍ പരിശോധിച്ചു വരികയാണ്.
അതേസമയം, ഒഴിച്ചത് മെര്‍ക്കുറി ഒഴിച്ചതാണോ എന്നത് വ്യക്തമല്ല. കൂടുതല്‍ പരിശോധനകള്‍ നടന്നു വരികയാണ്. മൂന്നുകോടി 20 ലക്ഷം രൂപയാണ് സ്വര്‍ണക്കൊടിമരത്തിന് ചെലവായത്. 10 കിലോ സ്വര്‍ണം, 17 കിലോ വെള്ളി, 250 കിലോ ചെമ്പ് എന്നിവയാണ് കൊടിമരത്തിന് ഉപയോഗിച്ചത്.






