
സുജാത. നമ്മുടെ ജീവിതയാത്രയ്ക്കിടയില്‍ എപ്പോഴും പലയിടത്തും വെച്ചു കാണുന്ന സാധാരണക്കാരിയായ ശാന്തമായ ജീവിതം ആഗ്രഹിക്കുന്ന അതിനായി ശ്രമിക്കുന്ന ഒരു സ്ത്രീ. നല്ല പരിചിതമാണ്. തിരുവനന്തപുരം നഗരത്തിലെ ഒരു കോളനിയില്‍ താമസിക്കുന്ന സുജാത ആരാണെന്നു ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ വൈകും.
ജനിച്ചു പോയതിനാല്‍ ജീവിച്ചുതീര്‍ക്കാന്‍ ഒരുങ്ങി പുറപ്പെട്ടിട്ടുള്ള സുജാതയ്ക്ക് പ്രത്യേകിച്ച് ഒരു ജോലി എന്നു പറയാന്‍ ഒന്നുമില്ല. പക്ഷേ എല്ലാ ജോലികളും ചെയ്യും.
പലപല ജോലികള്‍ പലപല വീടുകളിലും മറ്റുമായി ചെയ്തു ജീവിക്കുന്ന സുജാതയുടെ ജീവിതം ജീവിതത്തിന്റെ ഉദാഹരണമാണ്. ആ സുജാതയുടെ രസകരമായ ജീവിത മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് 'ഉദാഹരണം സുജാത.'
നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന 'ഉദാഹരണം സുജാത' എന്ന ചിത്രത്തില്‍ സുജാതയായി മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഏറിവരാന്‍ ശക്തമായ തിരിച്ചുവരവു നടത്തിയ മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ 'കന്മദ'ത്തിനു ശേഷം തനി നാടന്‍ പെണ്‍കുട്ടിയായി, ഇരുണ്ട മേക്കപ്പില്‍ വ്യക്തിത്വമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഞ്ജുവാര്യര്‍ക്കൊപ്പം മംമ്ത മോഹന്‍ദാസും പ്രത്യക്ഷപ്പെടുന്നതോടെ ഉദാഹരണം സുജാത കൂടുതല്‍ ആകര്‍ഷണമാവുന്നു.
ഹിറ്റ് ചിത്രമായ ചാര്‍ളിക്കു ശേഷം ദീ സീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്, നടന്ന് ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന 'ഉദാഹരണം സുജാത' തിരുവനന്തപുരത്തു ചിത്രീകരണം പുരോഗമിക്കുന്നു.
നെടുമുടി വേണു, ജോജു ജോര്‍ജ്, സുധി കോപ്പ, അലസിയാര്, സ്വരാജ്, അഭിനവ്, അനശ്വര, അജ്മിന, ആദിജ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. പതിനെട്ടു കൊല്ലത്തിനു ശേഷമാണ് നെടുമുടി വേണു മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത്. വേണുവിന്റെ 'ദയ' എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി അഭിനയിച്ചത്.
ലാളിത്യം നിറഞ്ഞ നര്‍മരസമുള്ള ജീവിതത്തെ വളരെ ഈസിയായി കാണുന്ന സുജാതയുടെ രസകരമായ ജീവിത മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍കരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നവീന്‍ ഭാസ്ക്കര്‍, മാര്ട്ടിന് പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
ടേക്ക് ഓഫ്, രാമന്റെ ഏദന്‍തോട്ടം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഏറെ പ്രശസ്തനായ മധു നീലകണ്ഠന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.
നര്‍മത്തിന് പ്രാധാന്യം നല്കി വളരെ കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്ന 'സുജാത'യുടെ ജീവിതകഥ പറയുന്ന ഈ ചിത്രത്തില്‍ നാല്പതിലധികം പുതുമുഖങ്ങളും അഭിനയിക്കുന്നു.
പ്രൊഡക്്ഷന്‍ കണ്ട്രോളര് - ശ്യാം ലാല്‍, കല - ദിലീപ് നാഥ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റില്‍സ് - ഫിറോസ് കെ. ജയേഷ്, പരസ്യകല - ഓള്‍ഡ് മങ്ക്, എഡിറ്റര്‍ - മഹേഷ് നാരായണന്, ഫിനാന്‍സ് കണ്ട്രോളര് - അഗ്നിവേശ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ജിത്തു അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ - പ്രവീണ്‍ മൈക്കിള്‍, സംവിധാന സഹായികള്‍ - ബിനു ജി. നായര്‍, ജിനുമോന്‍ സി.പി., അജിത്ത്, സനു എം.എസ്. ടോം, തസ്്ലിം, പ്രൊഡക്്ഷന്‍ മാനേജര്‍ - ഷാജി തിരുമല, പ്രോജക്ട് ഡിസൈനര്‍ - ബിനീഷ് ചന്ദ്രന്.
എ.എസ്. ദിനേശ്
സ്റ്റില്‍സ് : ഫിറോഷ് കെ. ജയേഷ്