
ഹണിറോസ് പുതിയ ഭാവത്തിലെത്തുന്ന ചിത്രമാണ് ചങ്ക്സ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന കുട്ടി. പേര് റിയ. പെണ്‍കുട്ടികള്‍ അധികം കടന്നുവരാത്ത ഒരു കോഴ്സാണിത്. അവിടേയ്ക്ക് കടന്നുവരുന്ന ഒരു പെണ്‍കുട്ടി. ആ ക്ലാസിലെ ഏക പെണ്തരിയും അവള്‍തന്നെ.
ഇങ്ങനെയുള്ള ഈ പെണ്‍കുട്ടിയെ കാമ്പസില്‍ വിളിക്കുന്നത് 'മക്രാണി' എന്നാണ്. ഈ മക്രാണി അത്ര സാധുവൊന്നുമായിരുന്നില്ല. ഒരു പാവം പെണ്‍കുട്ടിയും ആയിരുന്നില്ല.
നല്ല തന്റേടമുള്ള പെണ്ണായിരുന്നു. ഇത്രയും ആണ്‍കുട്ടികള്‍ക്കു നടുവില്‍ ഒരു പെണ്‍കുട്ടി എന്നു പറയുമ്പോള്‍തന്നെ ഈ കഥാപാത്രത്തിന്റെ പ്രത്യേകത ഊഹിക്കാവുന്നതാണ്.
റിയ ഇവിടെ എത്തിച്ചേര്‍ന്നത് പഠിക്കാനുള്ള ആഗ്രഹംകൊണ്ടു മാത്രമല്ല. ബാംഗ്ലൂരിലെ ഒരു കോളജില്‍നിന്നും പുറത്താക്കപ്പെട്ട് ഇവിടെ എത്തിച്ചേര്‍ന്നതാണ്. ഇപ്പോള്‍ ഈ കഥാപാത്രത്തെക്കുറിച്ച് സ്വാഭാവികമായും ഒരു ധാരണ ഉണ്ടായിക്കാണുമെന്ന് വിശ്വസിക്കുന്നു.
റിയയ്ക്കൊപ്പം ഒരു പെണ്‍കുട്ടികൂടി എത്തിയിട്ടുണ്ട്. മെറീന. റിയായുടെ മനസിനൊപ്പം സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടി. റിയ എന്ന കഥാപാത്രം പ്രദര്ശനത്തിനെത്തുന്നതോടെ ഹണിറോസ് എന്ന നടിയുടെ ഇമേജും മാറുമെന്ന് പറയുന്നതില്‍ തെറ്റില്ല.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന മൂന്നുപേരും മറ്റൊരു സെക്്ഷനില്‍ പഠിക്കുന്ന ഒരാളും. ഇവരാണ് ആത്മസ്നേഹിതര്‍.
റൊമാരിയോ, യൂദാസ്, റിയാസ് എന്നിവരാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍. ആത്മാറാം മറ്റൊരു സെക്്ഷനിലും പഠിക്കുന്നു. ഇവര്‍ നാലുപേരും ഒറ്റമനസ്സുമായി കഴിയുന്നവരാണ്.
കാമ്പസിന്റെ ചോരത്തിളപ്പില്‍ കഴിയുന്നവര്‍. ഇവരുടെ ഇടയിലേക്കാണ് റിയായും ഷെറിനും കടന്നുവരുന്നത്. റിയായുടെ കടന്നുവരവ് കാമ്പസില്‍ പുതിയ സംഭവങ്ങളും അരങ്ങേറി.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ചങ്ക്സ്' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് മേല്പറഞ്ഞവര്.
ഇവിടെ റൊമാരിയോ, യൂദാസ്, റിയാസ് എന്നിവരെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലു വര്‍ഗീസ്, വിശാഖ് (ആനന്ദം ഫെയിം), ഗണപതി എന്നിവരാണ്. ആത്മാറാമിനെ ധര്മ്മജന് ബോള്‍ഗാട്ടിയും അവതരിപ്പിക്കുന്നു.
ലാല്‍, സിദ്ദിഖ്, ഷമ്മി തിലകന്, കൈലേഷ്, ഹരീഷ് കണാകരന്‍, അഞ്ജലി നായര്‍, റീനാ ബഷീര്‍, രമ്യാ പണിക്കര്‍, ശരണ്യ, ഷെറിന് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ജോസഫ് വിജീഷ്, സനൂപ് തൈക്കൂടം, അനീഷ് ഹമീദ്, എന്നിവരുടേതാണ് തിരക്കഥ.
ഹരി നാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു.
ആല്‍ബിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- ദിലീപ് ഡെന്നീസ്.കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്- രതീഷ് അമ്പാടി, അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ മാത്യു.പ്രൊഡക്്ഷന്‍ കണ്ട്രോളര്- സഞ്ജു വൈക്കം, പ്രൊഡക്്ഷന്‍ എക്സിക്യൂട്ടീവ്- മനോജ് എന്‍.
വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖാ രാജന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സംവിധായകരായ മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ് എന്നിവരും ഡിക്സന് പൊടുത്താസ്, ശ്രീരാജ് എന്നിവരുമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം വൈശാഖാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
-വാഴൂര്‍ ജോസ്
ഫോട്ടോ: സാസ് ഹംസ