
ആന്റിഗ്വ: ആദ്യം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോനിയുടെയും ഉപനായകന്‍ രഹാനേയുടെയും ബാറ്റിംഗ് മികവ്, പിന്നാലെ അശ്വിന്റെയും കുല്‍ദീപിന്റെയും ബൗളിംഗ് പോരാട്ടം. ഇത്രയുമായപ്പോള്‍ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം മൂന്നാം ഏകദിനത്തില്‍ രണ്ടാം വിജയം കുറിച്ചപ്പോള്‍ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് മുന്നില്‍.
തകര്പ്പന്അര്ദ്ധശതകം കുറിച്ചാണ് ധോനി വിമര്‍ശകരുടെ വായടപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില 251 റണ്‍സ് എടുത്തപ്പോള്‍ വെസ്റ്റിന്‍ഡീസിന് എത്താനായത് 158 റണ്‍സില്‍. 78 റണ്‍സുമായി ധോനിയും 72 റണ്‍സുമായി രഹാനേയും ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തു പകര്‍ന്നപ്പോള്‍ 28 റണ്‍സ് കൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിനും 41 ന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപും ബൗളിംഗ് ഏരിയയില്‍ തിളങ്ങി. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ധവാനെ രണ്ടിന് നഷ്ടമായ ഇന്ത്യയ്ക്കായി രഹാനേ നങ്കൂരമിടുകയായിരുന്നു. 112 പന്തുകള്‍ നേരിട്ട് 72 റണ്‍സ് എടുത്ത രഹാനേ ധവാനേ പോലെ തന്നെ കമ്മിന്‍സിന്റെ പന്തിലായിരുന്നു വീണത്. ബിഷുവിന് പിടി നല്കി മടങ്ങുകയായിരുന്നു.
ധവാന് മടങ്ങിയതിന് പിന്നാലെ തന്നെ വിരാട് കോഹ്ലിയെയും കുറഞ്ഞ സ്കോറിന് വിന്‍ഡീസ് മടക്കി. 11 റണ്‍സ് എടുത്ത നായകന് ഹോള്‍ഡറിന്റെ പന്തില്‍ ഹോപ്പിന് പിടി കൊടുത്തു. യുവ് രാജ് സിംഗ് 55 പന്തില്‍ 39 റണ്‍സ് എടുത്തെങ്കിലും ബിഷുവിന് മുന്നില്‍ എല്‍ബിഡബ്ള്യൂ ആയി. അതിന് ശേഷമായിരുന്നു രഹാനേ ധോനി കൂട്ടുകെട്ടിന്റെ രക്ഷാ പ്രവര്‍ത്തനം. 79 പന്തുകളിലാണ് ധോനി 78 റണ്‍സ് അടിച്ചത്. നാലു ബൗണ്ടറികളും രണ്ടു സിക്സറുകളും പറത്തി. രഹാനേ മടങ്ങിയ ശേഷം വന്ന കേദാര്‍ യാദവ് തകര്‍ത്തടിക്കുകയായിരുന്നു. 26 പന്തുകളില്‍ 40 റണ്‍സ് അടിച്ച യാദവ് നാലു ഫോറുകളും ഒരു സിക്സറും പറത്തി.
കുല്‍ദീപിന്റെയും അശ്വിന്റെയും ബൗളിംഗില്‍ തകര്‍ന്നുപോയ വിന്‍ഡീസ് നിരയില്‍ മൊഹമ്മദും (61 പന്തില്‍ 40 റണ്‍സ്) പവലി (43 പന്തില്‍ 30) നും മാത്രമാണ് തിളങ്ങാനായത്. കെയ്ല്‍ ഹോപ്പും ഷാ ഹോപ്പും 19,24 എന്ന സ്കോറുകള്‍ക്കും പുറത്തായതോടെ വിന്‍ഡീസ് മെരുങ്ങി. ബാക്കിയുള്ള ഏഴു പേര്‍ക്കും രണ്ടക്കം കാണാന്‍ പോലും കഴിഞ്ഞില്ല. ഹര്‍ദീക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, കെഎം ജാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുകളാണ് കിട്ടിയത്.






