തിരുവനന്തപുരം: കനകക്കുന്നില്‍ നടക്കുന്ന അനന്തപുരി ചക്ക മഹോല്സവത്തില് അവതരിപ്പിക്കപ്പെട്ട ചക്ക ഊണ് സൂപ്പര്‍ഹിറ്റായി. ചക്ക ഊണിന്റെ സ്വാദറിയാന്‍ കാണികള്‍ കൂട്ടത്തോടെ എത്തിയതോടെ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിഭവങ്ങള്‍ കാലിയായി.
ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുമണിവരെ ചക്ക ഊണ് വിളമ്പാനാണ് സംഘാടകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഒന്നര മണിയായപ്പോഴേക്കും ചക്ക ഊണ് തീര്‍ന്നു. അപ്പോഴും ചക്ക ഊണിന്റെ രുചിയറിയാന്‍ ചക്ക പ്രേമികള്‍ ക്യൂവിലുണ്ടായിരുന്നു.
പിന്നീട് ആഹാരം കഴിക്കാനെത്തിയവര്‍ ഊണിന് പകരം ചക്ക വിഭവങ്ങള്‍ കഴിച്ചു മടങ്ങി. അഞ്ഞൂറ് പേര്‍ക്കാണ് ഊണ് തയാറാക്കിയതെന്നും തിരക്ക് കൂടിയതിനാലാണ് തികയാതെ പോയതെന്നും സംഘാടകര്‍ പറഞ്ഞു.
ഇന്നുമുതല്‍ കൂടുതല്‍ പേര്‍ക്കുള്ള ഭക്ഷണം കരുതുമെന്ന് സംഘാടകര്‍ അറിയിച്ചു. വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ ഇരുപത് കൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള ചക്ക ഊണ് മേളയുടെ ആദ്യദിനം മുതല്‍ കാണികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ചക്ക ഉപ്പേരി മുതല്‍ ചക്ക സാമ്പാര്‍, ചക്ക പുളിശ്ശേരി, ചക്ക പരിപ്പുകറി, ചക്കപ്പെരട്ട്, ചക്ക ചമ്മന്തി, ചക്ക വരട്ടി, ചക്കച്ചില്ലി എന്നിവയെല്ലാം വാഴയിലയില്‍ ഊണിനൊപ്പം വിളമ്പുന്നുണ്ട്. ആവശ്യക്കാര്‍ക്ക് ഊണിന് മുമ്പായി ഔഷധഗുണമേറെയുള്ള ചക്ക സൂപ്പ് പ്രത്യേകം നല്കുന്നു. ചക്കയുടെ കൊതിയൂറും രുചിയുള്ള രണ്ടുതരം പായസവും ഊണിനൊപ്പമുണ്ട്. ചക്കപ്പഴം ഉപയോഗിച്ച് ഉണ്ടാക്കിയ അരവണപ്പായസത്തിനും ആവശ്യക്കാരേറെയാണ്.
കേരളത്തില്‍ ആദ്യമായി ചക്ക രുചിയുള്ള അരവണപ്പായസം ഉണ്ടാക്കുന്നത് ഇവിടെയാണെന്ന് സംഘാടകര്‍ പറയുന്നു. പാലക്കാട് ജൈവകലവറയുടെ നവര അരിപ്പായസമാണ് മറ്റൊരു താരം. പാലക്കാടന്‍ പാടങ്ങളില്‍ വിളഞ്ഞ നവര അരി പ്രത്യേകമായി ഉണക്കി സൂക്ഷിച്ച് പൊടിച്ചെടുത്താണ് നവരപ്പായസം ഉണ്ടാക്കുന്നത്.
ചക്ക ഷാപ്പാണ് മേളയിലെ മറ്റൊരാകര്‍ഷണം. കള്ളുഷാപ്പുകളില്‍ ലഭിക്കുന്ന എരിവും പുളിയുമുള്ള വിവിധതരം കറികള്‍ പാചകം ചെയ്ത് നല്‍കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്.
മണ്പാത്രങ്ങളിലാണ് പാചകവും വിളമ്പലും. മറ്റൊരിടത്ത് ചക്ക ബിരിയാണിയും ചക്ക ഹല്‍വയുമുണ്ട്. സിന്ദൂരവരിക്ക, തേന്‍വരിക്ക, ചെമ്പരത്തി വരിക്ക തുടങ്ങിയ ചക്കകളാണ് കുടുംബ സമേതം എത്തുന്ന കാണികള്‍ക്ക് ഏറെപ്രിയം. നൂറ് കണക്കിന് ചക്കകളാണ് മുറിച്ചും മുറിക്കാതെയും ആളുകള്‍ വാങ്ങുന്നത്.
ഒന്നോ രണ്ടോ പേര്‍ക്ക് കഴിക്കാനായി പത്തും പതിനഞ്ചും ചക്കച്ചുളകള് പായ്ക്കറ്റിലും ലഭിക്കും. വൈകുന്നേരങ്ങളില്‍ ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്ലറ്റ് എന്നിവയുടെ വില്‍പ്പനയും പൊടിപൊടിക്കുന്നു.






