
ബത്തേരി: കര്‍ണാടകയില്‍ നിന്ന് ലോറിയില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന വന്‍ സ്ഫോടക വസ്തു ശേഖരം പോലീസ് വയനാട് മുത്തങ്ങയില്‍ പിടികൂടി. കേരള, തമിഴ്നാട് സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ എട്ടു മണിയോടെ മുത്തങ്ങ തകരപ്പാടിയില്‍ ജോഗി സ്മൃതി മണ്ഡപത്തിനു സമീപത്തുവച്ചാണ് ലോറി പിടികൂടിയത്. ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. ലോറി ഡ്രൈവര്‍ തൃശൂര്‍ ദേശമംഗലം സ്വദേശികളായ സത്യനേശന്(59), ക്ലീനര്‍ കൃഷ്ണകുമാര്‍ (40) എന്നിവരും ലോറിക്കു മുന്നിലായി െപെലറ്റ് കാറില്‍ വന്നിരുന്ന തമിഴ്നാട് സ്വദേശികളായ രംഗനാഥന് (38), സുരളി കൃഷ്ണന് (36) എന്നിവരുമാണ് പിടിയിലായത്.
കെ.എ. 19 ഡി. 5452 നമ്പര്‍ വാഹനം കസ്റ്റഡിയിലെടുത്തു. 50 കിലോ ഭാരമുള്ള 95 ചാക്ക് അമോണിയം െനെട്രേറ്റ്, 25 കിലോ വീതമുള്ള 189 പെട്ടി ജലാറ്റിന്‍ സ്റ്റിക്കുകള്‍, 10 കിലോ വീതമുള്ള 20 പെട്ടി ഫ്യൂസ് വയര്‍ എന്നിവയാണ് ലോറിയിലുണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മുത്തങ്ങയിലെ എക്െസെസ് ചെക്ക് പോസ്റ്റിലേക്ക് എത്തുന്നതിനു മുമ്പാണ് പോലീസ് ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. പോലീസ് െകെകാണിച്ചപ്പോള് ലോറി നിര്‍ത്തി. െപെലറ്റ് കാറില്‍ വന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് മഞ്ചേരി, കൊടുവള്ളി എന്നിവിടങ്ങളിലേക്കാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടു വന്നതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.
കൊടുവള്ളിയിലെ അഷറഫ് എന്നയാളുടെ പേരും ഇതിനു മുമ്പ് രണ്ടു തവണ ഇതുപോലെ സ്ഫോടക വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നും പിടിയിലായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ക്വാറികളിലേക്കാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് തമിഴ്നാട്, കര്‍ണാടക രഹസ്യാന്വേഷണ ഏജന്‍സികള്‍ ബത്തേരിയിലത്തി വിവരം ശേഖരിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബത്തേരി സി.ഐ: എം.ഡി. സുനല്‍, പ്രൊബേഷന്‍ എസ്.ഐ. പ്രശാന്ത്, എ.എസ്.ഐ.:ശശികുമാര്‍,സി.പി.ഒമാരായ അനസ്, അബ്ബാസ്, ബിജു, ഡ്രൈവര്‍ സജീഷ്കുമാര്‍ എന്നിവരാണ് സ്ഫോടകവസ്തു പിടികൂടിയത്.




