
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപി ലക്ഷ്യമിടുന്നത് ആറ് വോട്ടുകള്‍. നിയമസഭയിലെ ബിജെപി അംഗമായ ഒ രാജഗോപാലിന് പുറമെ അഞ്ച് വോട്ടുകള്‍ കൂടിയാണ് ലക്ഷ്യം വയ്ക്കുന്നത്. ചെറിയ പാര്‍ട്ടികളുമായും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ചില സംസ്ഥാനങ്ങളില്‍ നിന്നും അത്ഭുതം പ്രതീക്ഷിക്കുന്നതായും അതില്‍ ഒന്ന് കേരളമാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം കെ എം മാണി യുഡിഎഫില്‍ നിന്നും പുറത്തുവന്നിരുന്നു. 34 വര്‍ഷത്തെ മുന്നണി ബന്ധത്തില്‍ നിന്നും മാണി പുറത്തു വന്നതിനെ ശുഭപ്രതീക്ഷയോടെയാണ് എന്‍ഡിഎ കാണുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മുന്നണിയിലുമില്ലാത്ത കേരള കോണ്‍ഗ്രസ് എമ്മിന് പ്രത്യേക ബ്ലോക്കാണ് ഉള്ളത്.
എന്നാല്‍ തന്റെ പാര്‍ട്ടി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറിന് വോട്ട് ചെയ്യുമെന്നും തന്റെ അറിവില്ലാതെ ഒന്നും നടക്കില്ലെന്നും മാണി പറഞ്ഞു. റാംകോവിന്ദിന്റെ പ്രചരണത്തിനായി ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവും ഉടന്‍ കേരളത്തിലെത്തിയേക്കും. ഈ മാസം 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.






