
പാലക്കാട്: ഇറച്ചിക്കോഴി ഇന്നു മുതല്‍ കിലോയ്ക്ക് 87 രൂപയ്ക്ക് വില്‍ക്കണമെന്ന ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നിര്‍ദേശം നടപ്പാവില്ല. നിലവിലെ സാഹചര്യത്തില്‍ വിലകുറയ്ക്കാനാവില്ലെന്ന ഉറച്ചനിലപാടിലാണു കോഴിക്കച്ചവടക്കാര്‍. തമിഴ്നാട് പല്ലടം കേന്ദ്രീകരിച്ചുള്ള വന്‍ലോബിയാണ് ദക്ഷിണേന്ത്യയില്‍ കോഴി വില്പന നിയന്ത്രിക്കുന്നത്. ഒരാഴ്ചയായി 105 രൂപയാണ് ഒരുകിയോ ഇറച്ചികോഴിക്ക് തമിഴ്നാട്ടില്‍ ഈടാക്കുന്നത്.
ഇവിടുത്തെ ഫാമുകളില്‍ 105 രൂപ തറവില നിശ്ചയിച്ച സാഹചര്യത്തില്‍ കേരളത്തില്‍ 130 രൂപയ്ക്ക് മുകളിലേ കോഴി വില്‍ക്കാനാവൂ. നികുതി ഇല്ലാതായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഇടക്കാലത്ത് നിലച്ച കോഴി ഫാമുകള്‍ സജീവമായിട്ടുണ്ട്. 20 ദിവസം കൂടി പിന്നിട്ടാല്‍ ഇവിടങ്ങളില്‍ ഉല്പാദനം 50 ശതമാനത്തോളം വര്‍ധിക്കുമെന്നാണ് വിവരം. അപ്പോള്‍ 10-15 രൂപവരെ കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പല്ലടം, തിരുപ്പൂര്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍, നാമക്കല്‍, കിണത്തുകടവ് എന്നിവിടങ്ങളിലാണ് കോഴിഫാം വ്യാപകമായുള്ളത്. മുട്ട ഉല്പാദനവും ഇവിടങ്ങളിലാണ്കൂടുതല്.
കാലവര്‍ഷം ചതിച്ചതിനാല്‍ കോഴി വിലകുറയ്ക്കേണ്ടെന്നാണ് തമിഴ്നാട്ടിലെ കോഴിഫാമുകളുടെ തീരുമാനം. തിരുപ്പൂര്‍, കോയമ്പത്തൂര്‍ മേഖലയില്‍ വെള്ളക്ഷാമം രൂക്ഷമാണ്. കോഴി വളര്‍ത്താന്‍ വെള്ളം അത്യന്താപേക്ഷിതമാണ്. വെള്ളം കുഴല്‍കിണറിലും കിട്ടാതായതോടെ ടാങ്കറില്‍ കൊണ്ടുവരേണ്ടിവന്നത് അധിക ചെലവുണ്ടാക്കിയെന്നും ഇവര്‍ പറയുന്നു. കോഴിത്തീറ്റയുടെ വില വര്‍ധനയും മാര്‍ച്ചില്‍ ഉല്പാദനത്തിലുണ്ടായ കുറവും വില താഴ്ത്താതിരിക്കാനുള്ള കാരണമായി നിരത്തുന്നു.
ഏപ്രില്‍ മുതല്‍ കേരളത്തിലേക്ക് കോഴി വരവില്‍ കുറവുണ്ടെന്നാണ് ഇവര്‍ പറയുന്നത്. നേരത്തെ ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലേക്കും തമിഴ്നാട്ടില്‍നിന്നു വന്‍തോതില്‍ കോഴി കയറ്റിപോയിരുന്നതില് നിലവില്‍ കുറവുവന്നിട്ടുണ്ട്. ഇനി തമിഴ്നാട്ടില്‍ ഉല്പാദിപ്പിക്കുന്ന കോഴിയുടെ പകുതിയിലധികവും കേരള വിപണിയാണ് ലക്ഷ്യമിടുന്നത്.
