സിംഗപ്പൂര്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ചിരുന്നു. എന്നുകരുതി ഇപ്പോള്‍ പുതിയത് ഉണ്ടായിക്കൂടെന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു.
സിക്കിമ്മില്‍ ഉള്ളത് വലിയൊരു അതിര്‍ത്തിയാണ്. എല്ലാവര്ക്കും അറിയാവുന്ന പോലെതന്നെ ഇവകൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാമെന്നും വിദേശകാര്യ സെക്രട്ടറി സിംഗപ്പൂരില്‍ പറഞ്ഞു.
അതിര്‍ത്തി തര്‍ക്കത്തിന് പുറമെ ഭീകരവാദം, ഗതാഗത ബന്ധം, ആണവോര്‍ജം എന്നിവയിലെ അഭിപ്രായവിത്യാസങ്ങളും ഉയര്‍ന്നിരുന്നതായി ജയശങ്കര്‍ പറഞ്ഞു. ആസിയാനും മാറുന്ന ഭൗമരാഷ്ട്രീയവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായവിത്യാസങ്ങള്‍ തര്‍ക്കമായി മാറുവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനയും ഭൂട്ടാനും തമ്മില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന ദോക് ലാ മേഖലയില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മ്മിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായി കാണുന്നത്. ഇതിനെ എതിര്ത്തുകൊണ്ട ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയില്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യ ഇടപെട്ടതോടെ ചൈന ഇന്ത്യക്കെതിരെ രംഗത്തുവരികയായിരുന്നു. ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്നങ്ങളില്‍ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപടേണ്ടതില്ലെന്ന നിലപാടായിരുന്നു ചൈനയുടേത്.
തര്‍ക്കങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ 13 യുദ്ധകപ്പലുകള്‍ നിലയുറപ്പിച്ചത് ആശങ്കയുയര്‍ത്തിയിരുന്നു.
