
പിരാന: ഭരണവിരുദ്ധ വികാരം ആളി കത്തിയപ്പോള്‍ ആരോഗ്യ മന്ത്രിയുടെ മകളുടെ കല്ല്യാണത്തില്‍ ചീമുട്ടയേറില്‍ കലാശിച്ചു. ബ്രസീലില്‍ മിഷേല്‍ തെമര്‍ മന്ത്രി സഭയ്ക്കെതിരെയുള്ള പ്രതിഷേധമാണ് നവവധുവിനെ ചീമുട്ടയില്‍ കുളിപ്പിക്കുന്നതില്‍ കലാശിച്ചത്. വിവാഹത്തിനെത്തിയ വിവിഐപികള്‍ക്കും കിട്ടി ഏറ്.
ആരോഗ്യ മന്ത്രി റിക്കാര്‍ഡോ ബറോസിന്റെ മകളും പിരാന സ്റ്റേറ്റ് അസംബ്ലി അംഗവുമായ മരിയ വിക്ടോറിയ ബറോസിനാണ് വിവാഹദിനം പരീക്ഷണ ദിനമായത്. ചടങ്ങു നടന്ന പള്ളിക്ക് മുന്നില്‍ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്. പുറത്തേയ്ക്കിറങ്ങിയതോടെ വധുവിനെയും വരനെയും വിവിഐപികളെയും ചീമുട്ടയില്‍ കുളിപ്പിച്ചു. ബ്രസീല്‍ കോണ്‍ഗ്രസിലെ 300ഓളം അംഗങ്ങള്‍ ചടങ്ങിനെത്തിയിരുന്നു.
പിന്നീട് ഗാര്‍ഡുകള്‍ക്കൊപ്പം വധുവും വരനും കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കി അധികാരത്തിലെത്തിയ മിഷേല്‍ തൈമൂറിനോടും അദ്ദേഹത്തിന്റെ മന്ത്രി സഭയോടും പ്രതിഷേധം രൂക്ഷമാവുകയാണ്.






