ബംഗളുരു: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി അമ്മ വിഭാഗം ജനറല്‍ സെക്രട്ടറി ശശികല നടരാജന് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍. ശശികലയുടെ ജയിലിലെ ആഡംബര ജീവിതത്തിന് തെളിവായി പ്രമുഖ കന്നഡ ചാനല്‍ വീഡിയോ പുറത്ത് വിട്ടു. ജയില്‍ വസ്ത്രം ഒഴിവാക്കി തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ജയിലില്‍ സ്വതന്ത്രയായി വിഹരിക്കുന്ന ശശികലയെ വീഡിയോയില്‍ കാണാം.
ഭക്ഷണ പാത്രങ്ങളുമായി സെല്ലിലേക്ക് പോകുന്ന ശശികലയുടെ വീഡിയോയാണ് പുറത്ത് വന്നത്. ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥ ഡി രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശശികലയ്ക്ക് വേണ്ടി മാത്രം ജയിലില്‍ അഞ്ച് സെല്ലുകള്‍ ഒഴിച്ചിടിട്ടിരിക്കുകയാണ്. ഇവിടെ മറ്റ് തടവുകാരെ പാര്‍പ്പിക്കില്ല. ഇവയില്‍ നിന്നുള്ള കൗണ്ടറുകളിലൂടെയാണ് ശശികലയ്ക്ക് ഭക്ഷണം നല്‍കുന്നത്.
കിടക്കാന്‍ പ്രത്യേക ബെഡും മറ്റ് സൗകര്യങ്ങളും ശശികല സ്വാധീനത്തിലൂടെ നേടിയിട്ടുണ്ട്. രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് രൂപയുടെ റിപോര്‍ട്ടിലുണ്ട്. രൂപയുടെ റിപ്പോര്‍ട്ട് ജയില്‍ ഡിജിപി എച്ച്എസ്എന്‍ റാവു നിഷേധിച്ചുവെങ്കിലും അവര്‍ ആരോപണത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നില്ല.





