
ലഖ്നൗ: ജീവിതത്തില്‍ ഒരിക്കലെങ്കിലും മന്ത്രിയാകുമെന്ന് ഇയാള്‍ക്ക് ഉറപ്പില്ല. എന്നാല്‍ മന്ത്രിക്കസേര കണ്ടപ്പോള്‍ കിട്ടിയ അവസരം ഇയാള്‍ പാഴാക്കിയുമില്ല. മന്ത്രിയുടെ കസേരയില്‍ കയറിയിരുന്ന് സെല്‍ഫിയെടുത്ത യുവാവിനെ പോലീസ് പൊക്കി.
ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ മന്ത്രിയുടെ കസേരയില്‍ കയറിയിരുന്നതാണ് അജയ് തെവാരി എന്നയാള്‍ സെല്‍ഫിയെടുത്തത്. സൈബര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ഹുസൈന്‍ഗഞ്ച് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മന്ത്രിയെ കാണാന്‍ ഒരു സുഹൃത്തിനൊപ്പമാണ് അജയ് സെക്രട്ടേറിയറ്റിലെത്തിയത്. ആളൊഴിഞ്ഞ കസേര കണ്ടപ്പോള്‍ കയറിയിരുന്ന ഒരു സെല്‍ഫിയെടുക്കാന്‍ മോഹം തോന്നി. എന്നാല്‍ ഈ ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്. പലരും മന്ത്രിയെ വിളിച്ച് പരാതി പറയുകയായിരുന്നു. മന്ത്രിയുടെ സെക്രട്ടറി നല്കിയ പരാതിയിലാണ് അജയ് പിടിയിലായത്.






