
ന്യൂഡല്‍ഹി: പ്രവാസി വോട്ട് നടപ്പിലാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗത്തിക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതിയാണ് ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാന്‍ എത്ര സമയം വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് എത്ര സമയം വേണമെന്ന് അറിയിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മറുപടി നല്കാന് കേന്ദ്രത്തിന് കോടതി രണ്ടാഴ്ച സാവകാശവും അനുവദിച്ചു.
പ്രവാസി വോട്ട് കൊണ്ടുവരാന്‍ ജനപ്രാതിനിധ്യ നിയമമാണോ ചട്ടങ്ങളാണോ ഭേദഗതി ചെയ്യേണ്ടതെന്ന് അറിയിക്കാന്‍ നേരത്തെ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരികയാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു.
പ്രവാസി വോട്ട് നിലവില്‍ വന്നാല്‍ അതിന്റെ പ്രായോജനം ലഭിക്കുന്നത് ലോകമെമ്പാടുമായി കഴിയുന്ന ഒരു കോടിയോളം പ്രവാസി വോട്ടര്‍മാര്‍ക്കാണ്. ഇവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കഴിയുമോ എന്നതും പരിശോധിച്ചുവരികയാണ്. നിലവില്‍ സൈനികര്‍ക്കും തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് പോസ്റ്റല്‍ വോട്ടിന് സൗകര്യമുള്ളത്.






