
മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയ മണി എന്ന ആദിവാസി ബാലന് സിനിമയിലേക്ക് തിരിച്ചു വരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്കാരം നേടിയ മണി പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ചിറങ്ങിയ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലിമ നിര്‍മ്മിക്കുന്ന പ്രഥമ ഫീച്ചര്‍ സിനിമയായ ഉടലാഴത്തിലൂടെയാണ് മണി സിനിമയിലേക്ക് രണ്ടാം വരവ്.
നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ആറ് നാടന്‍ കോളനിയിലെ ഭിന്നലിംഗക്കാരനായ യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴത്തിന്റെ പ്രമേയം. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവ് പുതിയ ജോലിക്കായി ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പെരുമാറ്റമാണ് പ്രമേയം. തന്റെ തന്നെ തിരക്കഥയില്‍ ഉണ്ണികൃഷ്ണന് ആവളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനുമോള്‍ നായികയാകുന്ന ചിത്രത്തില്‍ ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും അഭിനയിക്കുന്നു. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മിഥുന് ജയരാജ്, സിതാര എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.







Comments