
വളരെ കുറച്ച് സിനിമകളിലൂടെ തമിഴില്‍ സ്വന്തം സിംഹാസനം നേടുകയും മലയാളികളുടെ ഇഷ്ട താരമായി മാറിയ നടനാണ് വിജയ് സേതുപതി. താര പരിവേഷമില്ലാതെ മറ്റുള്ളവരോട് ഇടപെടുന്ന വിജയ് സേതുപതി ഒരു മലയാള നടനെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി മലയാള ചിത്രങ്ങളിലൂടെ സുപരിചിതനായ രാജേഷ് ശര്‍മ്മയ്ക്കാണ് സേതുപതിയുടെ വിളിയെത്തിയത്. സിഗൈ എന്ന ചിത്രത്തിലുടെ തമിഴിലും ഗംഭീര പ്രകടനം നടത്തിയ രാജേഷ് ശരിക്കും ഞെട്ടി. അതേക്കുറിച്ച് തന്റെ ഫെയ്സ്ബുക്കില്‍ രാജേഷ് കുറിച്ചു.
ഒത്തിരി സന്തോഷമുള്ളൊരു കാര്യം കുറച്ചു മുൻപ് സംഭവിച്ചു.
"സിഗൈ" എന്ന എന്റെ ആദ്യത്തെ തമിഴ് സിനിമ കണ്ട് തമിഴിന്റെ പ്രിയനടൻ വിജയ് സേതുപതി വിളിച്ചു. "ബ്രദർ, നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്" കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി. ഉച്ചമയക്കത്തിൽ കണ്ട സ്വപ്നമായിരുന്നോ അത്?
മുന്നിൽ വന്നു നിന്ന ഭാര്യ എന്റെ തമിഴിലുള്ള പേച്ചും വെപ്രാളവും കണ്ട് തുറിച്ചു നോക്കി. ഞാൻ പറഞ്ഞു, "വിജയ് സേതുപതി". ഞാൻ അവളുടെ കയ്യിലേക്ക് ഫോൺ കൊടുത്തു. തമിഴറിയാത്ത അവൾ തമിഴിൽ കൈകാലിട്ടടിക്കുന്നതു കണ്ടു. അവളെന്തൊക്കെയോ പറഞ്ഞു. പിന്നെ ഫോൺ എന്റെ കയ്യിൽ തന്ന് വീടിനുള്ളിൽ ലക്ഷ്യമില്ലാതെ അന്തം വിട്ട് തെന്നിത്തെറിച്ചു നടന്നു.
ഒടുവിൽ ചെന്നൈയിൽ വെച്ച് കാണാമെന്ന ഉറപ്പിൽ അദ്ദേഹം "ബൈ" പറഞ്ഞു. കുറച്ചു നേരം എന്റെ തലയ്ക്കകത്ത് കിളി പറന്നു. പിന്നെ എന്റെ സ്ഥായീഭാവം "കിളിരസ"മായിരുന്നു (നവരസങ്ങളിൽ ഇല്ലാത്തത് )
ഞാനെന്റെ മോളോടു പറഞ്ഞു, "മോളേ, പപ്പയെ വിജയ് സേതുപതി വിളിച്ചു". "വാ പപ്പേ, നമുക്ക് ഷട്ടിൽ കളിക്കാം". തമിഴ് നടികർ ബോധമില്ലാത്ത പെണ്ണ്!
"സിഗൈ" കണ്ട് എന്നെ വിളിക്കാൻ തോന്നിയ ആ വലിയ മനസ്സിനോട് ഒത്തിരിയൊത്തിരി സ്നേഹം...






