ഹരിയാന: മകന് ഉപദ്രവിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി തനിക്ക് മകളെപ്പോലെയെന്ന് ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാല. കേസിലെ പരാതിക്കാരിയായ വര്‍ണിക എനിക്ക് മകളെപ്പോലെയാണ്. നിയമം നടപ്പിലാകണം. സ്ത്രീ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഞാനോ ബിജെപിയോ ഇക്കാര്യത്തില്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തില്ല-സുഭാഷ് ബരാല പറഞ്ഞു. ഡിജെ ആയി ജോലി ചെയ്യുന്ന വര്‍ണികയെ സുഭാഷിന്റെ മകന് വികാസ് കാറില്‍ പിന്തുടര്ന്ന് ശല്യം ചെയ്തുവെന്നാണ് പരാതി.
ഛണ്ഡീഗഡിലെ സെക്ടര്‍ 7ല്‍ നിന്നും മടങ്ങി വരുന്ന വഴിക്ക് ശനിയാഴ്ച പുലര്‍ച്ചെയാണ് വര്‍ണികയെ ഉപദ്രവിക്കാന്‍ ശ്രമമുണ്ടായത്. വികാസും സുഹൃത്ത് ആഷിഷും ചേര്‍ന്ന് കിലോമീറ്ററുകളോളം കാറില്‍ പിന്തുടര്ന്ന് വര്‍ണികയെ ആക്രമിക്കാന്‍ ശ്രമിച്ചു. വര്‍ണികയുടെ വാഹനത്തിന് പിന്നാലെ ടാറ്റാ സഫാരി കാറിലെത്തിയ വികാസും സുഹൃത്തും മദ്യലഹരിയിലായിരുന്നു. ഇരുവരും ചേര്‍ന്ന് കാറ് വിലങ്ങനെയിട്ട് വര്‍ണികയുടെ കാറ് തടയുകയും ഡോര്‍ തുറന്ന് അകത്ത് കയറാനും ശ്രമിച്ചു.
ബിജെപി അധ്യക്ഷന്റെ മകനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരിക്കെയാണ് സുഭാഷ് നിലപാട് വിശദീകരിച്ച് രംഗത്ത് വന്നത്. വികാസിനെ രക്ഷിക്കുന്നതിന് ബിജെപി അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.






