
ഒരു സാറിന്റെ കഥ, അദ്ദേഹം സ്റ്റാറാകുന്ന കഥ, അതാണ് ഈ കഥ. പുള്ളിക്കാരന് സ്റ്റാറാ. സെവന്ത് ഡേക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത് ബി. രാകേഷ് നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ പേരാണിത്.
അധ്യാപകരെ പരിശീലിപ്പിക്കുന്ന രസികനായൊരു അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നായകന്റെ പേരും രസകരംതന്നെ. രാജകുമാരന്.
അധ്യാപകര്‍ ആസ്വദിച്ചു പഠിപ്പിച്ചാല്‍ കുട്ടികളും ആസ്വദിച്ചു പഠിച്ചോളും, അതുകൊണ്ട് ആദ്യം അധ്യാപകര്‍ പഠിക്കട്ടെ. ഇങ്ങനെ അധ്യാപനരീതി തന്നെ രസകരമായി പഠിപ്പിക്കുന്ന കൗതുകമുണര്‍ത്തുന്ന നായകന് വാക്കിലും നോക്കിലും അടിമുടി രസകരം.
നായകനെക്കുറിച്ച് പറഞ്ഞാല്‍ ഒരു സാധാരണക്കാരന് ഇടുക്കിയില്‍ ജനിച്ചുവളര്‍ന്നു. അവിവാഹിതനും. ജോലികിട്ടി എറണാകുളത്തെത്തുന്നു. അവിടെ ഒരു ഫ്ളാറ്റില്‍ താമസം.
നായകന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും രസകരമായി കോര്‍ത്തിണക്കിയാണ് കഥ പറഞ്ഞിരിക്കുന്നത്. നിഷ്കളങ്കനായ നായകനൊപ്പം മറ്റു കഥാപാത്രങ്ങള്‍ കൂടി എത്തുമ്പോഴുണ്ടാകുന്ന നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നു.
എറണാകുളത്ത് എത്തുന്ന നായകന് അവിടെവച്ച് കുര്യച്ചന് എന്ന തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടുന്നു. ദിലീഷ് പോത്തനാണ് കുര്യച്ചനായി എത്തുന്നത്. റിട്ട. ഡിവൈ.എസ്.പി. ഓമനാക്ഷന്‍ പിള്ളയായി ഇന്നസന്റും ഭരതന് എന്ന കെയര്‍ടേക്കറായി ഹരീഷ് കണാരനും കൂടി ചേരുമ്പോള്‍ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
എന്തിനും ഏതിനും മിടുക്ക് കാട്ടുന്ന അവിവാഹിതനായ നായകന്റെ ജീവിതത്തിലേക്ക് രണ്ടു സ്ത്രീകള്‍ കടന്നുവരുന്നു. അധ്യാപകജോലിക്കിടയില് കണ്ടുമുട്ടുന്ന അധ്യാപിക കൂടിയായ മഞ്ജരി മുരളീധരനും ഐ.ടി. പ്രൊഫഷണലായ മഞ്ജിമയും.
ആശാശരത്തും ദീപ്തി സതിയുമാണ് ഈ നായികമാര്‍. ഈ കഥാപാത്രങ്ങളെല്ലാം ചേര്‍ന്ന് വരുമ്പോഴുള്ള മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് നായകനായ പുള്ളിക്കാരന് സ്റ്റാറാകുന്നത്. യഥാര്‍ത്ഥത്തില്‍ സാറുമ്മാരെല്ലാം സ്റ്റാറാണ് എന്ന ആശയവും ചിത്രം മുന്നോട്ടുവയ്ക്കുന്നു.
മണിയന്‍പിള്ള രാജു, അലന്‍സിയര്‍, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്.
സംഗീതമൊരുക്കിയിരിക്കുന്നത് എം. ജയചന്ദ്രന്, യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവി. ക്യാമറ- വിനോദ് ഇല്ലമ്പിള്ളി, എഡിറ്റര്‍- രതീഷ് രാജ്, കലാസംവിധാനം- ത്യാഗു തവന്നൂര്‍, മേക്കപ്പ് അമല്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, പ്രൊഡക്്ഷന്‍ കണ്ട്രോളര് ബാദുഷ, സ്റ്റില്‍സ്- ലെബിസണ്‍, പി.ആര്.ഒ. മഞ്ജു ഗോപിനാഥ്, ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തിക്കും.