
ജയ്പുര്‍ : രാജസ്ഥാനിലെ സംസ്ഥാന സര്‍വകലാശാലകള്‍ക്ക് ഇക്കൊല്ലം ഗാന്ധിജയന്തി ദിനത്തില്‍ അവധിയില്ല. ഗവര്‍ണര്‍ കല്യാണ്‍സിങിന്റെ ഓഫീസാണ് അവധി ദിനങ്ങളുടെ കലണ്ടര്‍ പുറത്തിറക്കിയത്. 2016-18 വര്‍ഷത്തേയ്ക്ക് 24 അവധി ദിനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഗാന്ധിജയന്തി ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കും എന്നതിനാലാണ് അവധി പ്രഖ്യാപിക്കാത്തതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കിരണ്‍ മഹേശ്വര് അറിയിച്ചു.
മുഹ്റം, ദീപാവലി അവധികളാണ് ഒക്ടോബര്‍ മാസത്തില്‍ ഉള്ളത്. ഗാന്ധിജയന്തിക്ക് അവധി നല്കാത്തപ്പോഴും രാംദേവ്, ഗുരുനാനാക്ക്, ബി.ആര് അംബേദ്കര്‍, വര്‍ധമാന മഹാവീരന്, മഹാറാണ പ്രതാപ് തുടങ്ങിയവരുടെ ജന്മദിനത്തിന് അവധി നല്‍കിയിട്ടുമുണ്ട് എന്നതാണ് ശ്രദ്ധേയം. 'സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒക്ടോബര്‍ രണ്ട് അവധി ദിനമായി പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ്ലില് പ്രസിദ്ധപ്പെടുത്തിയ അവധി കലണ്ടര്‍ പ്രകാരമാണ് സര്‍വകലാശാലകളുടെ അവധി തയ്യാറാക്കിയത്' എന്നായിരുന്നു വിഷയത്തില്‍ രാജ്ഭവന്റെ വിശദീകരണം.





