
ന്യുഡല്‍ഹി: ജോലി ചെയ്യുന്ന സ്ഥാപനം മാറിയാല്‍ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ട. തൊഴിലിടം മാറുന്നതിനൊപ്പം പി.എഫ് അക്കൗണ്ടും തനിയെ മാറും. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കുകയും വേണ്ട. സെപ്തംബര്‍ മുതല്‍ ഈ സംവിധാനം നിലവില്‍ വരും.
ജോലി മാറുന്നതിനൊപ്പം ഇ.പി.എഫ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. മറ്റൊരു സ്ഥാപനത്തിലെത്തി വീണ്ടും അക്കൗണ്ട് തുടങ്ങുകയാണ് പലരും ചെയ്യുന്നത്. ഇത് ഒഴിവാക്കുന്നതിനാണ് പുതിയ നടപടി. പഴയ അക്കൗണ്ട് തന്നെ പുതിയ തൊഴിലിടവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇ.പി.എഫ് അക്കൗണ്ടിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെയാണ് ഈ സൗകര്യം സാധ്യമാകുന്നത്. സാമൂഹ്യ സുരക്ഷയുടെ ഭാഗാമായുള്ള സ്ഥിരം അക്കൗണ്ടാണ് പി.എഫ് അക്കൗണ്ടെന്ന് ചീഫ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയ് വ്യക്തമാക്കി.
രാജ്യത്ത് ഏത് സ്ഥാപനത്തിലേക്കും ജോലി മാറിയാലും അപേക്ഷ നല്കാതെതന്നെ മൂന്നു ദിവസത്തിനുള്ളില്‍ അക്കൗണ്ട് മാറുമെന്നും അദ്ദേഹം പറഞ്ഞു.




