കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ ഫോണില്‍ ഭീഷണി. പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചതിനാണ് ഭീഷണി. ആചാര സംരക്ഷണ സമിതി പ്രവര്ത്തകന് എന്ന് പരിചയപ്പെടുത്തിയ ആളാണ് രാഹുലിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. മദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വര്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. രാഹുല്‍ ഇനി ഹൈന്ദവ പരിപാടികളില്‍ പങ്കെടുത്താല്‍ തല അടിച്ചു പൊളിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
ഭീഷണിക്കെതിരെ രാഹുല്‍ ഈശ്വര്‍ നാളെ പരാതി നല്‍കും. ബംഗളുരുവിലേക്ക് മടങ്ങുന്നതിന് മുന്‍പാണ് രാഹുല്‍ ഈശ്വര്‍ മദനിയെ സന്ദര്‍ശിച്ചത്. ഇതിന്റെ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയയെ രാഹുല്‍ ഈശ്വര്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. പുറത്ത് നിന്ന് ആര്‍ക്കും സന്ദര്‍ശനാനുമതി ഇല്ലാതിരിക്കെ രാഹുല്‍ സന്ദര്‍ശിച്ചതാണ് വിവാദമായത്.






