തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ നീക്കം. കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. കര്‍ണാടക മാതൃകയില്‍ സംസ്ഥാന പാതകളെ ഡീനോട്ടിഫൈ ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. നഗരപരിധിയിലെ പാതകളുടെ സംസ്ഥാന പാതാ പദവി എടുത്ത് കളയുന്നതോടെ മുന്നൂറോളം ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങും. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.
ദേശീയ-സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ ദൂരപരിധയിലുള്ള ബാറുകള്‍ക്ക് സുപ്രീം കോടതി പ്രവര്‍ത്തനാനുമതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് മറികടക്കുന്നതിനാണ് സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ബാറുകള്‍ അടയ്ക്കുന്നതിന് കാരണമായ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തിയിരുന്നു.






