
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി. തുടക്കത്തില്‍ 200 രൂപ മൂല്യത്തിലുള്ള 50 കോടിയോളം നോട്ടുകളാണ് പുറത്തിറക്കുകയെന്നും അതിനാല്‍ നോട്ട് ക്ഷാമം ഒഴിവാക്കാനും അനധികൃത വിനിമയം തടയാനും സാധിക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.
100, 500 രൂപ നോട്ടുകളുടെ ഇടയില്‍ മൂല്യമുള്ള മറ്റ് നോട്ടുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ആര്‍ബിഐ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ 200 രൂപയുടെ നോട്ടുകള്‍ ഏറെ പ്രചാരം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ നോട്ടുകള്‍ കൂടുതലായി എത്തുന്നത് സാധാരണക്കാര്‍ അനുഭവിച്ചിരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് വ്യക്തമാക്കി.






