
ഷാജന്‍പൂര്‍: എന്താണ് ചെയ്യുന്നതെന്ന് ലഖിംപൂര്‍ ഖേരിയിലെ തിരക്കേറിയ ചന്തയിലുണ്ടായിരുന്ന ജനക്കൂട്ടം മനസ്സിലാക്കും മുമ്പ് തന്നെ അയാള്‍ 15 കാരിയുടെ ഒരു കൈ വെട്ടിമാറ്റി. അടുത്ത കയ്യും വെട്ടിമാറ്റാന്‍ തുടങ്ങുമ്പോള്‍ ജനക്കൂട്ടം ഇടപ്പെട്ട് അക്രമിയെ തല്ലിച്ചതച്ച് പോലീസിന് കൈമാറി. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഷാജന്പൂരിലായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒമ്പതാം ക്ളാസ്സുകാരിയെ ഓടിച്ചിട്ട് തള്ളിവീഴ്ത്തിയ ശേഷമായിരുന്നു കയ്യിലിരുന്ന വാളിന് വെട്ടിയത്.
വിനോദ് ചൗരസ്യ എന്ന യുവാവായിരുന്നു അക്രമി. പെണ്‍കുട്ടിയുടെ രണ്ടാമത്തെ കൈ വെട്ടാന്‍ തുടങ്ങിയ ഇയാളെ ചന്തയില്‍ ഉണ്ടായിരുന്നു 200-300 പേരോളം വരുന്ന ജനക്കൂട്ടം പിടികൂടുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. കുറെ നാളായി ചൗരസ്യയുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരാകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് മണിക്ക് പെണ്‍കുട്ടി ചന്തയില്‍ വന്നപ്പോഴും തന്റെ വെല്‍ഡിംഗ് കടയില്‍ ചൗരസ്യ ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇയാളെ വീണ്ടും അവഗണിച്ചതോടെ ക്ഷോഭത്തിലായ ചൗരസ്യ കടയില്‍ ഉണ്ടായിരുന്ന വാള് എടുത്തു കൊണ്ട് ഓടിച്ചിട്ട് പിടിച്ച് ആക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ഒരു കൈ താഴെ വീഴും വരെ സ്തംബ്ദ്ധരായി നിന്ന ജനക്കൂട്ടം വീണ്ടും ആക്രമിക്കപ്പെട്ടതോടെ ഇടപെടുകയും ചൗരസ്യയെ പിടികൂടി തല്ലിച്ചതച്ച് പോലീസിന് കൈമാറുകയുമായിരുന്നു. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചതെങ്കിലും രക്തം ഏറെ വാര്‍ന്നു പോയിരുന്നതിനാല്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നിരുന്നാലും പെണ്‍കുട്ടിയുടെ ആരോഗ്യത്തിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും നില മെച്ചപ്പെട്ടു കഴിഞ്ഞാല്‍ മൊഴിയെടുക്കാമെന്നും ആക്രമണത്തിന്റെ കാര്യം അപ്പോഴേ അറിയാന്‍ കഴിയൂ എന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ കുറേ ദിവസമായി അക്രമിയായ യുവാവ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറയുകയും ചെയ്തിരുന്നു. അടുത്തകാലത്ത് ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങള്‍ പതിവായിട്ടുണ്ട്. ആഗസ്റ്റ് 10 ന് സഹോദരിമാരായ 19 കാരി ഗുല്‍ഷനേയും 16 കാരി ഫിസയേയും രണ്ടു പേര് ചേര്‍ന്ന് കത്തിച്ചത് ബെറേയ്ലിയിലായിരുന്നു. രണ്ടു പേരും മരിക്കുകയും അക്രമി അറസ്റ്റിലാകുകയും ചെയ്തിരുന്നു. ആഗസ്റ്റ് 8 നായിരുന്നു രാഗിണി ദുബേ എന്ന 17 കാരി സ്വന്തം സൈക്കിളില്‍ സ്കൂളിലേക്ക് പോകുമ്പോള്‍ അക്രമി ബാലിയയില്‍ വെച്ച് കുത്തിയത്.
