ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി പളനിസ്വാമിയെ മാറ്റണമെന്ന ആവശ്യവുമായി ടിടിവി ദിനകരന് വിഭാഗം. നിലവില്‍ സ്പീക്കറായ പി. ധനപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ദിനകരന് വിഭാഗം ആവശ്യപ്പെട്ടു. ദിനകരന് വിഭാഗം നേതാവായ പി. വെട്രിവേല്‍ എംഎല്‍എയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റി ധനപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം-വെട്രിവേല്‍ പറഞ്ഞു.
എഐഎഡിഎംകെയിലെ ഇരുവിഭാഗങ്ങള്‍ ലയിച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ഒപിഎസ്-ഇപിഎസ് വിഭാഗങ്ങള്‍ ലയിച്ചതോടെ ദിനകരന് പക്ഷത്ത് നില്ക്കുന്ന 18 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് ദിനകരന് പക്ഷത്തെ എംഎല്‍എമാരെ പോണ്ടിച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
18 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസും ഡിഎംകെയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ മാറ്റാനുള്ള നീക്കം ശക്തമാക്കി ദിനകരന് പക്ഷത്തിന്റെ നീക്കങ്ങള്‍.






