
ബംഗളുരു: രണ്ട് വ്യത്യസ്ത ബൈക്ക് മോഷണക്കേസുകളില് രണ്ട് യുവാക്കള് അറസ്റ്റില്. രണ്ട് മോഷ്ടാക്കള് ബൈക്ക് മോഷ്ടിക്കുന്നത് ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതിനാണ്, മൂന്നാമന് മോഷ്ടിക്കുന്നത് കാമുകിയുമായി കറങ്ങാനും. ബംഗളുരുവിലെ വാഹന മോഷ്ടാക്കള്ക്കായി പോലീസ് നടത്തിയ വ്യാപകമായ തെരച്ചിലിലാണ് ഇരുവരും കുടുങ്ങിയത്. ഇവര് ഉള്പ്പെടെ അറുപതോളം വാഹന മോഷ്ടാക്കള് ബംഗളുരു പോലീസിന്റെ വലയില് കുരുങ്ങി.
പ്രതികളില് നിന്നും മോഷണ മുതലായ 153 ഇരുചക്ര വാഹനങ്ങളും ആറ് കാറുകളും പിടിച്ചെടുത്തു. മോഷ്ടിക്കപ്പെട്ട വാഹനങ്ങള് ആകെ 80 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്ന് പോലീസ് കമ്മീഷണര് ടി. സുനീല് കുമാര് പറഞ്ഞു. പിടിക്കപ്പെട്ട 60 പേരില് സുഹൃത്തുക്കളായ രഞ്ജിത്ത് ഇളങ്കോവന്, മാരിമുത്തു മുനിസ്വാമി എന്നിവരാണ് വ്യത്യസ്തരായ മോഷ്ടാക്കള്. ഇവര് രണ്ടും പേരും ചേര്ന്ന് 25 ബൈക്കുകള് മോഷ്ടിച്ചിട്ടുണ്ട്.
രണ്ട് യുവാക്കള് പൊതുവഴിയില് ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില് പോലീസ് എത്തിയപ്പോഴേയ്ക്ക് യുവാക്കള് രക്ഷപെട്ടു. എന്നാല് സിസിടിവി ദൃശ്യങ്ങളില് നിന്നും പോലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നു. തുടര്ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണങ്ങളില് ഇരുവരും കുറ്റം സമ്മതിച്ചത്. മോഷ്ടിക്കുന്ന ബൈക്കുകള് ആവശ്യം കഴിഞ്ഞാല് ഉപേക്ഷിക്കുമെന്നും ഇവര് പോലീസിനോട് വ്യക്തമാക്കി.
കെജി നഗറില് നിന്നും പിടിയിലായ വസീം അക്രം എന്ന യുവാവാണ് കാമുകിയുമായി കറങ്ങുന്നതിന് വേണ്ടി ബൈക്കുകള് മോഷ്ടിക്കുന്നത്. വില കൂടിയ ബൈക്കുകളാണ് ഇയാളുടെ ലക്ഷ്യം. കഴിഞ്ഞ ഒരു വര്ഷമായി ഇയാള് പതിവായി ബൈക്ക് മോഷ്ടിക്കുന്നുണ്ട്. മോഷ്ടിച്ച ബൈക്കിലാണ് വസീം തന്നെക്കൊണ്ട് പോകുന്നതെന്ന വിവരം കാമുകി അറിഞ്ഞിരുന്നില്ല.







Comments