കൊച്ചി: പ്രശസ്ത സംഗീത സംവിധായകന് ബിജിപാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് (36) നിര്യാതയായി. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍ വച്ച് വീണ് പരുക്കേറ്റ ശാന്തി ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു.
ബിജിപാല്‍-ശാന്തി ദമ്പതികള്‍ക്ക് രണ്ട് മക്കളാണ് ദേവദത്തും ദയയും. നര്‍ത്തകിയായ ശാന്തി, വീട്ടില്‍ നിരവധി കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ജനുവരിയില്‍ സകലദേവ നുതേ എന്ന പേരില്‍ ശാന്തി പുറത്തിറക്കിയ സരസ്വതി സ്തുതികളുടെ നൃത്തരൂപത്തിന് ബിജിപാലാണ് സംഗീതം പകര്‍ന്നത്.






