
ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഐക്കോണിക് മോട്ടോര്‍സൈക്കിള്‍ ഹോണ്ട മങ്കി വിടപറയുന്നു. ജപ്പാനില്‍ ടൂ-വീലറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മങ്കിയെ പിന്‍വലിക്കുമെന്ന് ഹോണ്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു. 50 വര്‍ഷത്തിലേറെ നീണ്ട ഉത്പാദനത്തിന് ശേഷമാണ് മങ്കിയുടെ നിര്‍മ്മാണം നിര്‍ത്താന്‍ ഹോണ്ട തീരുമാനിച്ചിരിക്കുന്നത്. 500 മങ്കികളെ മാത്രമാണ് അവസാന പതിപ്പില്‍ ഹോണ്ട ഉത്പാദിപ്പിച്ചത്.
അതേസമയം, ഉപഭോക്താക്കള്‍ അവസാന മങ്കികളെ സ്വന്തമാക്കുന്നതിനായി മത്സരിച്ചതോട് കൂടി, നറുക്കെടുപ്പിലൂടെ മോട്ടോര്‍സൈക്കിളുകളെ വില്‍ക്കാമെന്ന് ഹോണ്ട തീരുമാനിച്ചു. അവസാന 500 മങ്കികള്‍ക്കായി കമ്പനിയെ സമീപിച്ചത് 45,333 ഉപഭോക്താക്കളാണ്. ആദ്യമായി മങ്കി മോട്ടോര്‍സൈക്കിളിനെ ഹോണ്ട അവതരിപ്പിച്ചത് 1961 ലാണ്. ഏറ്റവും ചെറിയ മോട്ടോര്‍സൈക്കിള്‍ എന്ന സങ്കല്പം വിപണിയില്‍ പിടിമുറുക്കിയതിന് പിന്നാലെയായിരുന്നു ഹോണ്ട മങ്കിയുടെ ജനനം. ടോക്കിയോയിലെ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡായാണ് തുടക്കകാലത്ത് മങ്കി മോട്ടോര്‍സൈക്കിള്‍ സേവനം അനുഷ്ടിച്ചത്. 1967 ലാണ് റോഡ് വേര്‍ഷന്‍ മങ്കി Z50M പുറത്തിറങ്ങിയത്. ഹോണ്ട മങ്കി ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.






