
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനയില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ പോയതിനും അനുകൂലിച്ച് പ്രസ്താവന നടത്തിയതിനും നടനും എംഎല്‍എ യുമായ ഗണേശ്കുമാറിനെതിരേ അന്വേഷണസംഘം കോടതിയില്‍. ഗണേശിന്റെ പ്രസ്താവന കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അങ്കമാലി കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്കി.
കോടതി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയ അന്വേഷണസംഘം പ്രസ്താവന ആസൂത്രിതവും പ്രതികളെ രക്ഷിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗണേശ് പുറത്തു വിട്ട പ്രസ്താവനയ്ക്ക് പിന്നാലെ ജയിലില്‍ സിനിമാക്കാര് കൂട്ടമായി എത്തിയതും ദിലീപിനെ സന്ദര്‍ശിച്ചതും സംശയാസ്പദമാണെന്നും പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഗണേശ്കുമാര്‍ ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചത്. അരമണിക്കൂറോളം ജയിലില്‍ കഴിഞ്ഞ ഗണേശ്കുമാര്‍ അതിന് ശേഷം പുറത്തു വന്ന് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സിനിമാ മേഖലയിലുള്ളവര്‍ ദിലീപിനെ കാണണമെന്നും പിന്തുണയ്ക്കണമെന്നും ഗണേശ് ആവശ്യശപ്പട്ടു. ഇത്തരം ഒരു പ്രസ്താവന കേസിനെ ദോഷകരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പിന്നാലെ കൂട്ടത്തോടെ ദിലീപിനെ കാണാന്‍ എത്തിയത് ഈ പ്രസ്താവനയുടെ പ്രതിഫലനമാണെന്നാണ് പോലീസ് പറയുന്നത്.
കേസില്‍ അഞ്ഞൂറില്‍ പരം സാക്ഷികള്‍ സിനിമാ മേഖലയിലുള്ളവരാണ്. ഗണേശ് കുമാറിനെ പോലെ എംഎല്‍എ പദവി കൂടിയുള്ള ഒരാള്‍ നടത്തുന്ന പ്രസ്താവന സാക്ഷികളെ കാര്യമായി സ്വാധീനിക്കാന്‍ ഇടയാക്കും. പോലീസിന് എതിരായുള്ള പ്രചരണമായി ഇത് മാറും. ജയിലില്‍ കൂട്ടത്തോടെയുള്ള സിനിമാക്കാരുടെ സന്ദര്‍ശനം തന്നെ എത്രമാത്രം സ്വാധീനിക്കുമെന്നതിന്റെ തെളിവായിരുന്നെന്നും പറയുന്നു.
അതേസമയം ഗണേശ് കുമാറിന്റെ പ്രസ്താവന ദിലീപിന് ദോഷമായി ഭവിക്കുമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍. കേസില്‍ കൂടുതല്‍ കരുതലോടെയാണ് പോലീസിന്റെ നീക്കം. ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ദിലീപിനെ സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്കിനെതിരേ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ. െബെജു പൗലോസ് അങ്കമാലി കോടതി മുന്‍പാകെ ഇന്നലെ പരാതി നല്‍കിയിരുന്നു. ദിലീപിനെ അനിയന്ത്രിതമായി സന്ദര്‍ശിക്കുന്നത് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും ഇത് അന്വേഷണത്തില്‍ സ്വാധീനം ചെലുത്താന്‍ കാരണമാകുമെന്നും കാണിച്ചാണ് സി.ഐ. കോടതിയെ സമീപിച്ചത്.
പരാതി പരിഗണിച്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ലീന റിയാസ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ ആലുവ സബ് ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഉത്തരവ് എത്തിയതോടെ, ഇന്നലെ ഉച്ചമുതല്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബന്ധുക്കളും സിനിമാപ്രവര്‍ത്തകരും ഇന്നലെ ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും ഇവര്‍ക്കെല്ലാം സന്ദര്‍ശനം നിഷേധിച്ചിരുന്നു.






