കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് മറ്റൊരു കേസില്‍ ജാമ്യം ലഭിച്ചു. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് സുനിക്ക് ജാമ്യം ലഭിച്ചത്. എറണാകുളം സിജെഎം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം മറ്റ് കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ ഇയാള്‍ക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.
2011 നവംബറില്‍ ജോണി സാഗരിക നിര്‍മ്മിച്ച ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പള്‍സര്‍ സുനി, മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ലൊക്കേഷനിലേക്ക് എത്തിയ നടിയെ ടെംമ്പോ ട്രാവലറില്‍ എത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് നടിയെ ട്രാവലറില്‍ കയറ്റിക്കൊണ്ട് പോയത്. പിന്നീട് ആളുമാറിയെന്ന് വ്യക്തമായതോടെ നടിയെ ഒരു ഹോട്ടലില്‍ ഇറക്കി വിടുകയായിരുന്നു.






