
ഇന്ത്യന്‍ സിനിമയിലെ മിക്ക താരങ്ങളും തങ്ങളുടെ സ്വപ്ന സംവിധായകനായി പറയുന്ന വ്യക്തിയാണ് മണിരത്നം. മണിരത്ന ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം പരസ്യമായും രഹസ്യമായും കൊണ്ടു നടക്കുന്ന നിരവധിപ്പേര്‍. മലയാളത്തില്‍ മമ്മൂക്കയും, മോഹന്‍ലാലുമുള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ മണിരത്നത്തിന്റെ ചിത്രങ്ങളിലഭിനയിച്ചു.
യുവ താരങ്ങളില്‍ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമാണ് മണിരത്നത്തിന്റെ കണ്ണിലുടക്കിയ താരങ്ങള്‍. രാവണ്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിക്ക് അവസരം ലഭിച്ചത്. വിക്രം, ഐശ്വര്യ റായ് എന്നിവരായിരുന്നു മറ്റു താരങ്ങള്‍. ഓകെ കന്മണി എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്മാന് തമിഴിലെ സ്വീകാര്യത വര്‍ദ്ധിക്കുകയായിരുന്നു. പുതുതലമുറയെ ലക്ഷ്യമിട്ടെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. ഇപ്പോള്‍ മലയാളത്തിന്റെ പ്രീയ യുവതാരം ഫഹദിനെയാണ് മണിരത്നം ക്ഷണിച്ചിരിക്കുന്നത്.
ഫഹദിനൊപ്പം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ചിമ്പു, അരവിന്ദ് സ്വാമി, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിലുണ്ട്. 2018 ജനുവരിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. പതിവു പോലെ ഏആര്‍ റഹ്മാന് തന്നെയാണ് ചിത്രത്തിന്റെ സംഗീതം. ക്യാമറ സന്തോഷ് ശിവന്. മണിരത്നത്തിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.






