
വത്തിക്കാന്‍ സിറ്റി: പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ പറഞ്ഞു. പാസ്പോര്‍ട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യപ്രശ്നമെന്നും ഉടന്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യെമനില്‍ ഭീകരരുടെ താവളത്തില്‍ നിന്ന് 18 മാസത്തെ തടവിന് ശേഷം വത്തിക്കാനില്‍ എത്തിയ ഫാദര്‍ ടോം സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ശരീരം മെലിഞ്ഞത് പ്രമേഹം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടുപോയ ഭീകരര്‍ ഒരു തരത്തിലും തന്നെ ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ എന്തിനുവേണ്ടിയാണ് അവര്‍ തന്നെ തട്ടിക്കൊണ്ടു പോയതെന്ന് അറിയില്ലെന്നും തട്ടിക്കൊണ്ടുപോയര് അത് വെളിപ്പെടുത്തിയിട്ടില്ലെന്നും ഫാദര്‍ പറഞ്ഞു. തന്നെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും ഫാദര്‍ പറഞ്ഞു.
ദൈവം നല്കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയ്യാറാണ്. തടവിനിടെ പ്രാര്‍ത്ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അള്‍ത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. തടവിനിടെ താന്‍ കൊല്ലപ്പെടുമെന്ന് ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ലെന്നും ഉഴുന്നാലില്‍ പറഞ്ഞു.
